വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റേര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചു. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി നാന്‍സി മേസ് അവതരിപ്പിച്ച പ്രമേയം 19നെതിരെ 24 വോട്ടുകള്‍ക്കാണ് പാസായത്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചു എന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിട്ടുണ്ട്. എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള വീഡിയോകള്‍, ഓഡിയോകള്‍, മറ്റ് നിര്‍ണ്ണായക രേഖകള്‍ എന്നിവ നീതി ന്യായ വകുപ്പ് ഒളിപ്പിക്കുകയാണെന്ന് നാന്‍സി മേസ് ആരോപിച്ചു. ‘അപ്രത്യക്ഷമായ തെളിവുകളെക്കുറിച്ച് അറ്റേര്‍ണി ജനറല്‍ മറുപടി പറയേണ്ടി വരും. അമേരിക്കന്‍ ജനത സുതാര്യത അര്‍ഹിക്കുന്നു, അതിജീവിതമാര്‍ക്ക് നീതി ലഭിക്കണം’ നാന്‍സി മേസ് എക്‌സില്‍ കുറിച്ചു.
നേരത്തെ, എപ്സ്റ്റീന്റെ ‘ക്ലയന്റ് ലിസ്റ്റ്’ എന്നൊന്ന് നിലവിലില്ലെന്ന നീതി ന്യായ വകുപ്പിന്റെ വാദം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് ഉത്തരവിട്ടെങ്കിലും, പുറത്തുവിട്ട ഫയലുകളില്‍ പലതും അവ്യക്തമാക്കിയ നിലയിലാണെന്നും ആരോപണമുണ്ട്.