kerala

കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍

By webdesk17

October 30, 2024

കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസിനെ (26) കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇ-മെയില്‍ വഴി എയര്‍ ഡയറക്ടര്‍ക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു.

എയര്‍ അറേബ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു പ്രതി സന്ദേശം അയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസിന് പരാതി നല്‍കി. പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.