india

വ്യാജ കഫ് സിറപ്പ്; മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു

By webdesk18

October 05, 2025

വ്യാജ കഫ് സിറപ്പ് ആയ കോള്‍ഡ്‌റിഫ് കഴിച്ചുള്ള മരണ സംഖ്യ ഉയരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരു കുട്ടിയും മരിച്ചു. ഇതോടെ മരണ സംഘ്യ 14 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 11ഉം രാജസ്ഥാനില്‍ മൂന്ന് കുട്ടികളുമാണ് ഇതുവരെ മരിച്ചത്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ വൃക്കകള്‍ തകരാറിലായതായും കോള്‍ഡ്‌റിഫില്‍ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയില്‍ വ്യക്തമായി. മരുന്നിന്റെ സാമ്പിളുകളില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന ഉയര്‍ന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഒപ്പം എഞ്ചിന്‍ ഓയിലുകളും അടങ്ങിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

മധ്യപ്രദേശില്‍ കുട്ടികള്‍ക്ക് കോള്‍ഡ്‌റിഫ് മരുന്ന് നിര്‍ദേശിച്ച പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീണ്‍ സോണി പിടിയിലായിരുന്നു. നിരോധിച്ച ശേഷവും ഡോക്ടര്‍ ഈ മരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് ഡോ. പ്രവീണ്‍ സോണിയുടെ ക്ലിനിക്കിലായിരുന്നു. മരണത്തിന് കാരണമായ കോള്‍ഡ്‌റിഫ് കഫ് സിറപ്പ് നിര്‍മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.

മധ്യപ്രദേശിനെ കൂടാതെ, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളും കോള്‍ഡ്‌റിഫ് നിരോധിച്ചിട്ടുണ്ട്. കോള്‍ഡ്‌റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തില്‍ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തില്‍തന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.