india

അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി

By webdesk17

May 28, 2025

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. അതേസമയം ഫോറന്‍സിക് സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകന്‍ ആരിഫ് യെസിന്‍ ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഇരയുടെ മേല്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികള്‍ നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.