india

ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി; യുപി സ്വദേശി പിടിയില്‍

By nazmiya nazreen

May 11, 2025

കര്‍ണാടക എക്‌സ്പ്രസ് ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം.

ഇന്ന് രാവിലെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നാല് മണിക്കൂറോളം വാഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയില്‍വേ പൊലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. എന്നാല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.