FOREIGN

സര്‍ക്കാര്‍ സ്ഥാപനങ്ങളെ അനുകരിക്കുന്ന വ്യാജ വെബ്സൈറ്റ്: അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

By webdesk13

May 31, 2023

അബുദാബി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വിധത്തില്‍ വെബ്‌സൈറ്റുകളുണ്ടാക്കുകയും പൊതുജനങ്ങളെ കബളിപ്പിച്ചു പണം തട്ടുകയും ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

വ്യാജവെബ്സൈറ്റുകള്‍ ഇ-മെയിലിലൂടെയും മറ്റും പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും വ്യാജ സേവനങ്ങളും വാഗ്ദാനം ചെയ്തുപണം തട്ടുന്ന സംഘത്തിന്റെ ലിങ്കുകളില്‍ വഞ്ചിതരാവരുത്. വ്യാജ സന്ദേശങ്ങള്‍, കോളുകള്‍, ലിങ്കുകള്‍ എന്നിവയാണ് വഞ്ചകര്‍ നല്‍കുന്നത്.

വ്യാജ ലിങ്കുകള്‍ വഴി ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ വിവിധ നമ്പറുകള്‍, സ്വകാര്യവിവരങ്ങള്‍ എന്നിവ ശേഖരിക്കുകയും പണം തട്ടുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ ചെയ്യുന്നത്.

ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ്വേഡുകള്‍, എടിഎം വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍, സെക്യൂരിറ്റി നമ്പര്‍ സുരക്ഷാ നമ്പര്‍ അല്ലെങ്കില്‍ പാസ്വേഡ് എന്നിങ്ങനെയുള്ള നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും ബാങ്കുകളും അഭ്യര്‍ത്ഥിച്ചു.

ബാങ്കിംഗ് ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ആളുകളില്‍ നിന്ന് ലഭിക്കുന്ന കോളുകളെക്കുറിച്ചു ഉടനെ അറിയിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 8002626 എന്ന ഫോണ്‍നമ്പറിലോ 2828 എന്ന നമ്പറില്‍ സന്ദേശമോ അയക്കേണ്ടതാണ്.