kerala

മലയാളിയുടെ ശ്രീനിവാസന്‍ വിട; ഓര്‍മകളില്‍ ജീവിക്കുന്നൊരു കാലഘട്ടം

By webdesk18

December 21, 2025

കൊച്ചി: മലയാളിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വിടപറഞ്ഞു. പകരക്കാരില്ലാത്ത സംഭാവനകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ കലാകാരനാണ് ഇനി തന്റെ സിനിമകളിലൂടെ മാത്രം ജീവിക്കുക. നിമിഷങ്ങള്‍ക്ക് മുമ്പ് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു.

കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ എട്ടരയോടെ അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ഭാഗധേയം നിര്‍ണയിച്ച പ്രതിഭയായിരുന്നു ശ്രീനിവാസന്‍.

താലൂക്ക് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തി. ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹം നാല് മണിയോടെ വീണ്ടും വീട്ടിലേക്ക് കൊണ്ടുവന്നു. ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1956ല്‍ കൂത്തുപറമ്പിനടുത്ത് പാട്യത്ത് സ്കൂള്‍ അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ശ്രീനിവാസന്റെ ജനനം. കൂത്തുപറമ്പ് മിഡില്‍ സ്കൂളിലും കതിരൂര്‍ ഗവ. ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചെന്നൈയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെനിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടി 1977ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.

ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന്‍ അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ *‘ആപ് കൈസേ ഹോ’*യാണ് അവസാന ചിത്രം. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയ്ക്കാണ് അദ്ദേഹം അവസാനമായി തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ ഒരു യുഗം അടയാളപ്പെടുത്തിയാണ് ശ്രീനിവാസന്റെ വിടവാങ്ങല്‍.