Connect with us

Article

കര്‍ഷകരും ക്ഷേമനിധി ബോര്‍ഡും

കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു.

Published

on

അബു ഗൂഡലായ്

കര്‍ഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. 1990 ഫെബ്രുവരി 12ന് കേരള നിയമസഭ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലിന് അനുമതി നല്‍കി. കര്‍ഷക തൊഴിലാളികളില്‍നിന്നും അംശാദായം സ്വീകരിച്ചുകൊണ്ടാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ പ്രതിമാസം രണ്ടു രൂപയായിരുന്നു അംശാദായം അടക്കേ ണ്ടിയിരുന്നത്. ഇപ്പോഴത് 20 രൂപയില്‍ എത്തിനില്‍ക്കുന്നു. അംശാദായം വര്‍ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്‍ യാതൊരു വര്‍ധനവും വന്നിട്ടില്ല.

കര്‍ഷക തൊഴിലാളികള്‍ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് 1974 ലെ കേരള കര്‍ഷക തൊഴിലാളി ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1979 ഓഗസ്റ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് പ്രാബല്യത്തില്‍ കൊണ്ടുവന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണ് ചെയ്തത്. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡും സര്‍ക്കാറും നിയമനിര്‍മാണം നടത്തണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആവശ്യപ്പെടാനുള്ളത്. അതിവര്‍ഷാനുകൂല്യം കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍നിന്നും അനുവദിക്കുന്നു ണ്ടെങ്കിലും സര്‍ക്കാര്‍ വിഹിതം 625 രൂപ യാണ് ഉള്ളത്.

സര്‍ക്കാര്‍ വിഹിതം 1000 രൂപയായി വര്‍ധിപ്പിക്കണം. കര്‍ഷക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണം. വൈദ്യസഹായത്തിന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 4000 രൂപയാണ് നല്‍കുന്നത്. അത് 5000 രൂപയായി ഉയര്‍ത്തി എല്ലാ വര്‍ഷവും നല്‍കാന്‍ ബോര്‍ഡ് തയ്യാറാവണം. വിവാഹധനസഹായത്തിന് നിലവില്‍ 5000 രൂപയാണ് അനുവദിക്കുന്നത്. ഈ തുക തീരെ അപര്യാപ്തമാണ്. അതിനാല്‍ വിവാഹ ധനസഹായം 25000 രൂപയായി വര്‍ധിപ്പിക്കണം. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. അത് ആണ്‍കുട്ടികള്‍ക്കും തൊഴിലാളികളുടെ സഹോദരിക്കും അനുവദിക്കണം.

വിദ്യാഭ്യാസ നുകൂല്യവും കാലോചിതമായി പരിഷ്‌കരിക്കാന്‍ ബോര്‍ഡ് തയ്യാറാവണം. പ്രസവാനുകൂല്യമാണ് ഏറെ വിചിത്ര മായിട്ടുള്ളത്. 15000 രൂപയാണ് നല്‍കുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ 14000 രൂപയും സംസ്ഥാനസര്‍ക്കാര്‍ വിഹിതം 1000 രൂപയും കൂട്ടിയാണ് 15000 രൂപ നല്‍കിവരുന്നത്. പ്രസവാനുകൂല്യം 15000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. പ്രസവ ചെലവും ചികില്‍സാചെലവും ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വിഹിതം 10000 രൂപയായി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ബോര്‍ഡിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന്‍ ഫീസില്‍ 10 ശതമാനമെങ്കിലും ബോര്‍ഡിന് കിട്ടുംവിധത്തില്‍ ഭൂമി രജിസ്‌ട്രേഷന്‍ ആക്ടില്‍ ഭേദഗതി കൊണ്ട്‌വന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കണം.

വീട് പണിയാന്‍ മുന്‍കൂര്‍ തുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും സഹായം നല്‍കാന്‍ ബോര്‍ഡിന് കഴിയണം. മരണാനന്തര ചെലവിന് 5000 രൂപ എന്നത് 10000 രൂപയായി ഉയര്‍ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടനികുതി, ലൈസന്‍സ് ഫീസ് തൊഴില്‍നികുതി എന്നിവ പിരിച്ചെടുക്കുന്നുണ്ട്. കെട്ടിട നികുതി യോടൊപ്പം ലൈബ്രറി സെസും ഇവര്‍ പിരിവ് നടത്തുന്നുണ്ട്. കെട്ടിട നികുതിയും മറ്റു പിരിവുകളും നടത്തുന്നതില്‍ 5 ശതമാനം സെസ് പിരിച്ച് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം.

കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു. തൊഴിലാളിയാണെന്ന രേഖ ഭൂവുടമയില്‍ നിന്നും വാങ്ങണമെന്ന് ചില ജില്ലാ ക്ഷേമനിധി ആഫീസുകള്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇതും ഒഴിവാക്കാനുള്ള നിര്‍ദേശം എല്ലാ ജില്ലാ തല ആഫീസുകള്‍ക്കും നല്‍കണം.

60 വയസ് പൂര്‍ത്തിയാക്കി അധിവര്‍ഷാനുകൂല്യത്തിനുള്ള അപേക്ഷ നല്‍കി തൊഴിലാളി പിരിഞ്ഞതിന് ശേഷം കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. പെന്‍ഷന്‍ ലഭിക്കുന്നതിന് ചുവപ്പ് നാടയുടെ നടുവില്‍ കിടന്ന് തൊഴിലാളി നട്ടം തിരിയുകയാണ്. തൊഴിലാളി സര്‍വീസില്‍നിന്നും വിരമിച്ചാലുടനെ പല ക്ഷേമനിധി ബോര്‍ഡുകളും അവര്‍ക്ക് നേരിട്ട് പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. കര്‍ഷക തൊഴിലാളി കള്‍ക്കും ക്ഷേമനിധി ബോര്‍ഡ് നേരിട്ട് പെന്‍ഷന്‍ നല്‍കണം. കര്‍ഷക തൊഴിലാളിക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ 1600. രൂപയാണ്. ഇത് ഒരു നേരത്തെ മരുന്നിന് പോലും പലര്‍ക്കും തികയില്ല.

മിനിമം 10000 രൂപയെങ്കിലു പ്രതിമാസം ലഭ്യമാക്കണം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് വര്‍ഷങ്ങളുടെ കാത്തിരിപ്പാണുള്ളത്. ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ ക്ഷേമത്തിനും യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അതിലെ ജീവനക്കാര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും മുറതെറ്റാതെ വേതനവും ഹോണറേറിയവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാണ് താല്‍പര്യം കാണിക്കുന്നത്. തൊഴിലാളികള്‍ ഒടുക്കുന്ന അംശാദായത്തില്‍നിന്നുമാണ് ഇവര്‍ക്കെല്ലാം പ്രതിമാസം ശമ്പളവും മറ്റും നല്‍കുന്നത്. ആനുകൂല്യങ്ങള്‍ക്കുള്ള തൊഴിലാളികളുടെ അപേക്ഷകള്‍ ഫയലില്‍ വിശ്രമിക്കാന്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊടിതട്ടിയെടുത്ത് ഭാഗികമായി ആനുകൂല്യങ്ങള്‍ വിതരണംചെയ്യാന്‍ തയ്യാറാവുന്നത്.

2020 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം 1587620 പേരാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഒരു കര്‍ഷക തൊഴിലാളി പ്രതിമാസം 20 രൂപ യാണ് അംശാദായം അടക്കുന്നത്. ഈ ഇനത്തില്‍ തന്നെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ക്ഷേമനിധി ബോര്‍ഡിന് ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബോര്‍ഡിന് കഴിയുന്നില്ല. എന്നാല്‍ 14 ജില്ലാ ആഫീസുകളിലേയും ഒരു ചീഫ് എക്‌സിക്യൂട്ടിവ് ആഫീസിലേയും ജീവനക്കാര്‍ക്ക് പ്രതിമാസം വേതനം ഇനത്തില്‍ 34 ലക്ഷത്തിലധികം രൂപ തൊഴിലാളികളുടെ അംശാദായത്തില്‍ നിന്നുമാണ് നല്‍കുന്നത്.

ക്ഷേമനിധി ബോര്‍ഡിന്റെ ദൈനംദിന ചെലവിനും ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള ശബളവും ഹോണറേറിയവും നല്‍കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ഫണ്ടോ ഗ്രാന്റോ നല്‍കാന്‍ ബജറ്റില്‍ തുക മാറ്റിവെക്കണമെന്നാണ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) മുന്നോട്ടുവെക്കാനുള്ള നിര്‍ദേശം. 2020ലെ കണക്ക്പ്രകാരം 14 ജില്ലകളിലും ഒരു ചീഫ് ആഫീസിലുമായി 127 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് നല്‍കാനാണ് പ്രതിമാസം 34 ലക്ഷത്തിലധികം രൂപ അംശാദായത്തില്‍നിന്നും വിനിയോഗിക്കുന്നത്. ഇത്രയും ജീവനക്കാര്‍ ഉണ്ടായിട്ടും കമ്പ്യൂട്ടര്‍വത്കരണം നടന്നിട്ടും തൊഴിലാളികള്‍ക്ക് പരാതികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സംവിധാനമെല്ലാം ചെയ്തിട്ടും ഒരാനുകൂല്യത്തിന് ചെന്നാല്‍ ആധാര്‍ കാര്‍ഡും പാസ്ബുക്കിന്റെ കോപ്പിയും ഇപ്പോഴും ആവശ്യപ്പെടുന്നു.

ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതോടെ തൊഴിലാളികളുടെ മുഴുവന്‍ ബയോഡാറ്റയും എന്‍ട്രി നടത്തുന്നതിന് ജീവനക്കാര്‍ അമാന്തിക്കുന്നു. കമ്പ്യൂട്ടര്‍വത്കരണം കുറ്റമറ്റതാക്കണം. അംശാദായം അടക്കുന്ന എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ രശീതി നല്‍കണം. കമ്പ്യൂട്ടര്‍ രശീതിയില്‍ ഏത് സംഘടനയില്‍ ഉള്‍പ്പെട്ട തൊഴിലാളിയാണെന്നുകൂടി രേഖപ്പെടുത്തിയാല്‍ നല്ലതാണ്. ഓരോ സംഘടനക്കും അംശാദായം അടക്കുന്നവരുടെ എണ്ണം കിട്ടാന്‍ പ്രയാസം ഉണ്ടാവില്ല. ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.

(കര്‍ഷക തൊഴിലാളി ഫെഡറേഷന്‍-എസ്.ടി.യു-സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Trending