ജോസഫ് എം. പുതുശ്ശേരി
രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകന്റെ കത്തിപ്പടരുന്ന രോഷാഗ്നിയിലൂടെയാണ് രാജ്യതലസ്ഥാനം അടുത്തിടെ കടന്നുപോയത്. അവര്‍ നിലനില്‍പ്പിനുവേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഡല്‍ഹിയെ പിടിച്ചുലച്ച വന്‍ മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ തലേന്നുതന്നെ രാംലീല മൈതാനിയില്‍ തമ്പടിച്ചു. അവിടെ നിന്നാണ് പാര്‍ലമെന്റിലേക്കു മാര്‍ച്ച് ചെയ്തത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ മേഘാലയ മുതല്‍ തെക്കു തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വരെ ഈ കര്‍ഷക പ്രക്ഷോഭത്തില്‍ അണി ചേര്‍ന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്കു ന്യായവില ഏര്‍പ്പെടുത്തുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പ്രതിമാസം 5000 രൂപ പെന്‍ഷന്‍ എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചത്. ഇതിനായി കാര്‍ഷിക കടമുക്തി നിയമം, മിനിമം താങ്ങുവില ഉറപ്പാക്കല്‍ നിയമം എന്നിവ പാസ്സാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ. കെ.എസ്. സി.സി.) യുടെ നേതൃത്വത്തിലാണ് രണ്ടു നാള്‍ നീണ്ട കിസാന്‍ മുക്തി റാലി സംഘടിപ്പിച്ചത്. 207 സംഘടനകളുടെ കൂട്ടായ്മയാണിത്.
മറിച്ച് കാര്‍ഷിക പ്രശ്‌നം അത്രയേറെ രൂക്ഷമായിരിക്കുന്നുവെന്ന വസ്തുതയിലേക്കു വിരല്‍ചൂണ്ടുന്നതാണ് ഈ മാര്‍ച്ച്്. എല്ലാം സഹിച്ചും ക്ഷമിച്ചും എങ്ങനെയെങ്കിലും മുന്നോട്ടു പോകുന്ന കര്‍ഷകന്‍ ആകെ മാറിയിരിക്കുന്നു. ഉത്പാദനച്ചിലവിനനുസരിച്ചുള്ള വില പോലും ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും പെട്ടു നിലനില്‍പ്പുതന്നെ അപകടത്തിലായ സാഹചര്യം കര്‍ഷകനെ ആകെ മാറ്റിയിരിക്കുന്നു. ഒരടി മുന്നോട്ടുവെക്കാന്‍ കഴിയാതെ, ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാതെ പകച്ചു നില്‍ക്കുമ്പോള്‍ സ്വയരക്ഷക്കുവേണ്ടി പൊരുതുകയല്ലാതെ മറ്റൊരു മാര്‍ഗവും അവന്റെ മുന്നിലില്ലാതെയായിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ ഏകദേശം മൂന്നു ലക്ഷം കര്‍ഷകരാണ് കടക്കെണിയില്‍ കുടുങ്ങി ജീവനൊടുക്കിയത് എന്നാണ് കണക്ക്. ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം കുറച്ചു കാണിക്കാനും കാര്‍ഷിക ആത്മഹത്യ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനും ആസൂത്രിത ശ്രമമുണ്ട്. ദേശീയ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍. ബി.) കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക ആത്മഹത്യയുടെ കണക്ക് പുറത്തുവിടുന്നില്ല. പക്ഷേ ഇതു കൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കര്‍ഷക ആത്മഹത്യയെന്ന് സമരക്കാര്‍ തെളിയിച്ചു. കടബാധ്യതമൂലം ജീവനൊടുക്കിയ എട്ട് കര്‍ഷകരുടെ തലയോട്ടികളുമായാണ് തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തിനെത്തിയത്. ആത്മഹത്യചെയ്ത് തങ്ങളുടെ കര്‍ഷകരായ ഭര്‍ത്താക്കന്മാരുടെ ഫോട്ടോകള്‍ പിടിച്ചാണ് വലിയ ഒരു സംഘം സ്ത്രീകള്‍ അണിനിരന്നത്. ഇതു പഴക്കമുള്ളതെങ്കില്‍ തെലുങ്കാനയില്‍നിന്നു ഏറ്റവും പുതിയവാര്‍ത്ത. തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകനും മന്ത്രിയുമായ കെ.ടി രാമറാവു പ്രസംഗിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെ വേദിക്കരികെ ഒരു കര്‍ഷകന്‍ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യക്കു ശ്രമിച്ചു. അധികാരികളുടെ കണ്ണു തുറക്കാന്‍ ഇതു പര്യാപ്തമാവുമോ?
അടിവസ്ത്രം മാത്രമണിഞ്ഞു സമരത്തിനെത്തിയ കര്‍ഷക സംഘവുമുണ്ടായിരുന്നു. ‘പ്രതികൂല കാലാവസ്ഥക്കുപുറമെ കുറഞ്ഞ താങ്ങുവിലയുമായി കേന്ദ്ര സര്‍ക്കാരും ഞങ്ങളെ ചുറ്റിക്കുകയാണ്. സര്‍ക്കാര്‍ ഞങ്ങളുടെ സര്‍വസ്വവും കവര്‍ന്നു. അതിന്റെ പ്രതീകമായാണ് വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു സമരത്തില്‍ പങ്കെടുക്കുന്നത്’-അവരുടെ വിലാപം പ്രശ്‌നത്തിന്റെ കാഠിന്യമാണ് വിളിച്ചോതുന്നത്. കര്‍ഷകരുടെ പ്രധാന പ്രശ്‌നം കുറഞ്ഞ വരുമാനമാണ്. നേരത്തെ തന്നെ ഈ പ്രശ്‌നം നിലവിലുണ്ടെങ്കിലും കഴിഞ്ഞ നാലു വര്‍ഷംകൊണ്ടു കര്‍ഷകരുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി. വരുമാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നാണ് നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു നടപ്പാക്കാന്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല സംഭരണ വിലയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവാണുണ്ടായത്. വിളകള്‍ക്കു ലഭിക്കുന്ന വില, ഉത്പാദന ക്ഷമത, ഉത്പാദനച്ചെലവ് എന്നീ ഘടകങ്ങളാണ് കാര്‍ഷിക വരുമാനത്തെ നിര്‍ണ്ണയിക്കുന്നത്.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖലയുടെ ശരാശരി വളര്‍ച്ച 5.2 ശതമാനമായിരുന്നു. മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കാര്‍ഷിക മേഖലയുടെ ശരാശരി വളര്‍ച്ച 2.5 ശതമാനമായി ഇടിഞ്ഞു. യു.പി.എ ഭരണകാലത്ത് താങ്ങുവിലയില്‍ കുറഞ്ഞതു രണ്ടു ശതമാനം വര്‍ധനവെങ്കിലും ഓരോ വര്‍ഷവുമുണ്ടായി. എന്നാല്‍ മോദി ഭരണത്തിന്റെ നാലു വര്‍ഷം നാലു ശതമാനത്തിന്റെ ഇടിവാണ് താങ്ങുവിലയിലുണ്ടായത്. ഉത്പാദനക്ഷമതയുടെ വളര്‍ച്ചയിലും മാന്ദ്യമാണ്. മിക്ക സംസ്ഥാനങ്ങളിലും വരള്‍ച്ച ഉണ്ടായതിനെതുടര്‍ന്ന് 2016, 2017 വര്‍ഷങ്ങളില്‍ വിള നശിച്ചു. കര്‍ഷകര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല. വിള ഇന്‍ഷുറന്‍സിന്റെ ഗുണവും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. കോര്‍പറേറ്റുകള്‍ക്കു പണം കായ്ക്കുന്ന മരമായി അതും മാറി. കാര്‍ഷിക ഗവേഷണത്തിനും വികസനത്തിനും ചെലവഴിക്കുന്ന തുകയിലും നാമമാത്രമായ വര്‍ധനവ് മാത്രമാണുണ്ടായത്. വളം, വിത്ത് എന്നിവ സംബന്ധിച്ച പുതിയ അറിവുകള്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല. കര്‍ഷകര്‍ക്കു സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നു. മുതല്‍മുടക്കുപോലും കര്‍ഷകര്‍ക്കു തിരിച്ചുകിട്ടുന്നില്ല. കാര്‍ഷികവൃത്തി രാജ്യത്തെ ഏറ്റവും അപകടംപിടിച്ച തൊഴിലായി മാറിയിരിക്കുന്നു. ഈ സ്ഥിതിവിശേഷം കര്‍ഷകര്‍ക്കിടയില്‍ അസ്വസ്ഥഥയും രോഷവുമാണുണ്ടാക്കിയത്. എന്നാല്‍ അതുണ്ടാക്കിയ കടുത്ത നിരാശയില്‍നിന്നു പൊരുതാനുള്ള മാനസികാവസ്ഥയിലേക്ക് അവര്‍ മാറിയെന്നതു ശ്രദ്ധേയമായ ചുവടുവെപ്പാണ്. അധികാരികള്‍ കണ്‍തുറന്നു കാണേണ്ട മാറ്റം. അതിനു കഴിയുമോ എന്നതറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 15 വമ്പന്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിതള്ളിയ സര്‍ക്കാരിനു എന്തുകൊണ്ടാണ് കര്‍ഷകരുടെ വായ്പ എഴുതിതള്ളാന്‍ കഴിയാത്തതെന്ന ചോദ്യം ഉയരുന്നതവിടെയാണ്. അനിയന്ത്രിതമായി ഇറക്കുമതി ചെയ്യാന്‍ അവസരമൊരുക്കി നമ്മുടെ ഉത്പന്നങ്ങളുടെ വിലയിടിച്ചു വ്യവസായ ഭീമന്‍മാര്‍ക്കു കൊള്ളലാഭമടിക്കാന്‍ കൂട്ടുനില്‍ക്കുമ്പോള്‍ തകരുന്നതു കാര്‍ഷിക മേഖലയാണ്; കര്‍ഷകന്റെ നിലനില്‍പ്പാണ്.
അന്താരാഷ്ട്ര കരാറുകാര്‍ക്ക് രാജ്യത്തെ യഥേഷ്ടം തീറെഴുതുമ്പോള്‍ അതില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു ഒരു നിമിഷമെങ്കിലും ഗൗരവപൂര്‍വം ആലോചിക്കാന്‍ മുതിര്‍ന്നിട്ടുണ്ടോ? ആ കരാറുകളില്‍ നമ്മുടെ ഉത്പന്നങ്ങങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ എഴുതി ചേര്‍ത്തിട്ടുള്ള രക്ഷാകവചങ്ങള്‍ യഥാവിധി എടുത്തുപയോഗിക്കാനുള്ള ആര്‍ജ്ജവമെങ്കിലും നാം കാട്ടിയിട്ടുണ്ടോ? ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ പ്രശ്‌നത്തിനു ഒരു പരിധിവരെയെങ്കിലുമുള്ള പരിഹാരവും ഭാവിയിലെ അപായക്കെണിയില്‍ നിന്നുള്ള മോചനവും സാധ്യമാവും.
പുതിയ കരാറിനു നാം തയ്യാറെടുക്കുകയാണ്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (ഞലഴശീിമഹ ഇീീുലൃമശേ്‌ല ഋരീിീാശര ജമൃിേലൃവെശു) യെന്ന ആര്‍.സി.ഇ.പി ആസിയാന്‍ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ചൈന എന്നീ രാജ്യങ്ങളുംകൂടി ഉള്‍പ്പെട്ടതാണിത്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ചരക്കുകളുടെ വ്യാപാരത്തില്‍ തീരുവരഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ആര്‍.സി.ഇ.പി യുടെ അടിസ്ഥാന ലക്ഷ്യം. ആസിയാന്‍ കരാറിലെ വളരെ കുറഞ്ഞ തീരുവയില്‍ കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങളുടെ വലിയ തോതിലുള്ള ഇറക്കുമതിമൂലം രാജ്യത്തുണ്ടായ തകര്‍ച്ച ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. റബര്‍, തേയില, കുരുമുളക്, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വിലയിടിവിനു ഇതു കാരണമായി. കര്‍ഷക പ്രക്ഷോഭം കത്തിനില്‍ക്കുമ്പോള്‍ കൂടുതല്‍ അപകടകാരികളായ വ്യവസ്ഥകള്‍ക്കു തല വെച്ചുകൊടുക്കുന്നതു ഒഴിവാക്കാനെങ്കിലും കഴിയേണ്ടേ?
ദുരന്തമുനമ്പില്‍നിന്നു കര്‍ഷകരെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ രാജ്യമാകെ ഒന്നിച്ചിരിക്കുന്ന കാഴ്ചയാണ് കാണാനാവുക. 21 രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയത് കൂടാതെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഡോക്ടര്‍മാരും അഭിഭാഷകരും കലാകാരന്മാരുമെല്ലാം സമരത്തില്‍ അണിചേര്‍ന്നത് പുതിയ അനുഭവമാണ്. സ്വാതന്ത്ര്യ സമരകാലത്തേതുപോലെ മഹത്തായ ലക്ഷ്യത്തിനുവേണ്ടി എല്ലാവരും ഒരുമിക്കുന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ ഇതിനുള്ളില്‍ മുഴങ്ങുന്നു. ഇതു പരപ്രേരണയോ ഇവന്റ് മാനേജ്‌മെന്റിന്റെ സെറ്റപ്പോ കൊണ്ടുണ്ടായതല്ല. ചുട്ടുപൊള്ളുന്ന യഥാര്‍ത്ഥ്യങ്ങളില്‍നിന്നു ഓരോരുത്തരും സ്വയം പഠിച്ചെടുത്ത പാഠം നല്‍കുന്ന പ്രേരണ. അത് മനസ്സിനെ കുത്തിനോവിക്കുമ്പോള്‍ ആര്‍ക്കാണ് മാറിനില്‍ക്കാന്‍ കഴിയുക. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ക്കാവണം. അല്ലെങ്കില്‍ അവരുടെ മാത്രമല്ല, നമ്മുടെ കഞ്ഞികുടിയും മുടങ്ങും. കര്‍ഷകനാണ് നാടിന്റെ ജീവന്‍. അവനെ മറന്നുള്ള ഈ പോക്ക് അവസാനിപ്പിക്കേണ്ടതുണ്ട്; ഉടന്‍ തന്നെ.
Be the first to write a comment.