രാജസ്ഥാനിലെ ഹനുമന്‍ഗര്‍ ജില്ലയില്‍പ്പെട്ട ടിബ്ബിയില്‍ എഥനോള്‍ ഫാക്ടറിക്കെതിരെ കര്‍ഷകര്‍ സംഘടിച്ച് നടത്തിയ വന്‍പ്രക്ഷോഭം സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ നടപടിയില്‍ 40 പേരെ അറസ്റ്റ് ചെയ്തതായും 273 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
നിര്‍മാണം ആരംഭിച്ച ഫാക്ടറിയെതിരെ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകര്‍ ടിബ്ബിയില്‍ എത്തി പ്രതിഷേധം ശക്തമാക്കി. ഡല്‍ഹി മാതൃകയില്‍ ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ സമരത്തിലേക്ക് എത്തിയത്. പ്രക്ഷോഭത്തിനിടെ ഫാക്ടറിയുടെ ഭാഗങ്ങള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീവെയ്ക്കുകയും ചെയ്തു.
രാജസ്ഥാനിലെ ഏറ്റവും ഫലഭൂയിഷ്ടമായ കാര്‍ഷിക മേഖലയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും ഇത് കൃഷിക്ക് ഭീഷണിയാകുമെന്നും പ്രദേശത്തേക്ക് മാലിന്യം ഒഴുക്കിവിടുമെന്നുമാണ് കര്‍ഷകരുടെ ആരോപണം. ഏതാനും ദിവസങ്ങളായി പൊലീസ്‌കര്‍ഷക സംഘര്‍ഷം തുടരുകയാണ്. ഫാക്ടറിയുടെ പുറംഭിത്തി തകര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായും ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ അഭിമന്യു പൂനിയക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതായും പറയുന്നു.
കമ്പനി മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 273 പേര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ആള്‍ ഇന്ത്യ കിസാന്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. ചില പ്രധാന ആവശ്യങ്ങളില്‍ ചര്‍ച്ച നടന്നതോടെ സമരം താല്‍ക്കാലികമായി ശമിച്ചതായി നേതാക്കള്‍ അറിയിച്ചു.
ഇവിടെ സ്ഥാപിക്കപ്പെടുന്നത് 40 മെഗാവാട്ട് ശേഷിയുള്ള എഥനോള്‍ പ്ലാന്റാണെന്ന് കമ്പനി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, പ്ലാന്റില്‍ നിന്നുള്ള മാലിന്യം അവിടെത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും മാനേജ്‌മെന്റ് അവകാശപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കുന്ന എഥനോള്‍പെട്രോള്‍ മിശ്രണ പദ്ധതിക്ക് പിന്തുണ നല്‍കുന്ന പദ്ധതിയാണിതെന്നും കമ്പനി അറിയിച്ചു.