Health

വയോധികരുടെ വ്രതാനുഷ്ഠാനം: ആരോഗ്യകരമായ മുന്‍കരുതലുകള്‍

By Akhila

March 04, 2026

Dr. Nadeemu Rahman Senior Specialist -General Medicine Aster MIMS Kozhikode

റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിനും ആരാധനാ കര്‍മ്മങ്ങള്‍ക്കും യുവാക്കളേക്കാള്‍ ആവേശത്തോടെ മുന്നോട്ടുവരുന്നവരാണ് നമ്മുടെ വീട്ടിലെ മുതിര്‍ന്നവര്‍. നോമ്പ് എടുക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അവരുടെ ആത്മവിശ്വാസം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ പ്രായമായവര്‍ നോമ്പ് തുടങ്ങുന്നതിന് മുന്‍പ് തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, നിത്യജീവിതത്തിലെ കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍, മറവിരോഗം ബാധിച്ചവര്‍, കിടപ്പിലായവര്‍ എന്നിവര്‍ നോമ്പെടുക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഒന്നിലധികം ഉള്ളവരില്‍ മരുന്നുകളുടെ എണ്ണവും കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ കഴിക്കുന്ന സമയം ക്രമപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. പ്രമേഹരോഗികള്‍ സാധാരണയായി പകല്‍ സമയത്താണ് ഉയര്‍ന്ന ഡോസ് മരുന്നുകള്‍ കഴിക്കാറുള്ളത്. എന്നാല്‍ നോമ്പ് സമയത്ത് പകല്‍ ഭക്ഷണം ഒഴിവാക്കുന്നതിനാല്‍ മരുന്നിന്റെ അളവിലും സമയത്തിലും മാറ്റം വരുത്തേണ്ടി വരും. അതുപോലെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കോ ബി.പിക്കോ മരുന്ന് കഴിക്കുന്നവര്‍ക്ക് ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറെ കണ്ട് കൃത്യമായ പ്ലാനിംഗ് നടത്തണം. ബി.പി ഉള്ളവര്‍ നോമ്പ് സമയത്ത് കൃത്യമായ ഇടവേളകളില്‍ അത് പരിശോധിക്കാനും അമിത ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാനും മറക്കരുത്. പ്രമേഹരോഗികളായ വയോധികര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോകുന്നത് (Hypoglycemia), യുവതലമുറയില്‍ നിന്ന് വ്യത്യസ്തമായി, പ്രായമായവരില്‍ ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പുറമെ പ്രകടമാകാറില്ല. പലപ്പോഴും ഒരു പരിധി വിടുമ്പോള്‍ അവര്‍ നേരിട്ട് അബോധാവസ്ഥയിലേക്ക് പോകാനാണ് സാധ്യത. അതിനാല്‍ നോമ്പ് കാലത്ത് നിശ്ചിത ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 70-ല്‍ താഴെയോ 400-ന് മുകളിലോ ആണെങ്കില്‍ നോമ്പ് മുറിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വാര്‍ദ്ധക്യത്തില്‍ ഷുഗര്‍ പെട്ടെന്ന് കുറയുന്നത് വലിയ അപകടസാധ്യതയുള്ളതിനാല്‍ ഷുഗര്‍ നില അല്പം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതാണ് സുരക്ഷിതം.

നിര്‍ജലീകരണമാണ് മറ്റൊരു പ്രധാന വില്ലന്‍. ദാഹം അനുഭവപ്പെടാനുള്ള ശാരീരികമായ ശേഷി പ്രായമായവരില്‍ കുറവായതിനാല്‍ അവര്‍ക്ക് വെള്ളം കുടിക്കാന്‍ തോന്നണമെന്നില്ല. ഇത് മറികടക്കാന്‍ അത്താഴ സമയത്തും നോമ്പ് തുറന്ന ശേഷവും ദാഹം തോന്നിയില്ലെങ്കിലും നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്താഴത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റും പ്രോട്ടിനും അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്താം. ഗ്യാസ്, അള്‍സര്‍, തൈറോയ്ഡ് തുടങ്ങിയവയുടെ മരുന്നുകള്‍ അത്താഴത്തിന് മുന്‍പ് കഴിക്കുന്നതാണ് ഉചിതം. നോമ്പ് തുറക്കുന്ന സമയത്ത് എണ്ണയില്‍ വറുത്തതും മധുരം അധികമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം ശീലിക്കണം.

ആരോഗ്യസംരക്ഷണത്തിനായി ചെറിയ തോതിലുള്ള വ്യായാമങ്ങളും കൃത്യമായ ഉറക്കവും വയോധികര്‍ക്ക് അത്യാവശ്യമാണ്. വൈകുന്നേരങ്ങളിലെ ലഘുവായ നടത്തം ദഹനം മെച്ചപ്പെടുത്താനും പേശികളുടെ ബലം നിലനിര്‍ത്താനും സഹായിക്കും. ഉറക്കത്തിന്റെ സമയക്രമം തെറ്റുന്നത് ഭാവിയില്‍ വ ലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കൃത്യമായ പ്ലാനിംഗും മെഡിക്കല്‍ ചെക്കപ്പും ഉണ്ടെങ്കില്‍ പ്രായമായവര്‍ക്ക് സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാവുന്നതാണ്. എങ്കിലും, ഇസ്‌ലാം മത വിശ്വാസപ്രകാരം ആരോഗ്യവാനായ ഒരാള്‍ക്ക് മാത്രമാണ് വ്രതം നിര്‍ബന്ധമെന്നും രോഗികള്‍ക്കും അവശര്‍ക്കും മതം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള കാര്യം നാം ഓര്‍ക്കണം.