GULF

അബഹയ്ക്ക് സമീപം ദാരുണ വാഹനാപകടം; മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു

By sreenitha

January 20, 2026

അബഹ: ദക്ഷിണ സൗദിയിലെ അബഹയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അബഹയിൽ നിന്ന് 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു സംഭവം.

സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ റിയാസും അമ്മാറും, അബഹയിലെ റീജ്യനൽ ഓഫീസിൽ നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിൽ പിറകിൽ നിന്നെത്തിയ സൗദി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തോടും കൂട്ടിയിടിച്ചു.

അപകടത്തിൽ റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് വലിയപറമ്പ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന മുബറാക്–റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്–നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്. അപകടവിവരം പ്രവാസി സമൂഹത്തിൽ വലിയ ദുഃഖം വിതച്ചിരിക്കുകയാണ്.