അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം സൈനിക നടപടിയിലേക്ക് നീങ്ങുന്നത് മിഡില്‍ ഈസ്റ്റില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റഷ്യ. നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും ബലം പ്രയോഗിക്കുന്നത് മേഖലയുടെ സുരക്ഷയെ ആകെ തകര്‍ക്കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
സൈനിക നീക്കത്തിലേക്ക് കടക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അതേസമയം ആണവ കരാറില്‍ ധാരണയിലെത്താത്ത പക്ഷം സൈനിക നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള വ്യൂഹം ഇറാന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ ജോര്‍ദാന്‍, ഖത്തര്‍, ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളില്‍ കൂടുതല്‍ പോര്‍വിമാനങ്ങളും സൈനിക ചരക്കുവിമാനങ്ങളും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം യുദ്ധമുണ്ടായാല്‍ അത് ഇറാനെയും അമേരിക്കയെയും മാത്രമല്ല, ലോകരാജ്യങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നും റഷ്യന്‍ വക്താവ് മുന്നറിയിപ്പ് നല്‍കി.