Connect with us

More

സ്വാശ്രയഫീസ് വര്‍ധന; പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

Published

on

 
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കണമെന്ന കോടതിവിധിക്ക് സര്‍ക്കാര്‍ കളമൊരുക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ ഇന്നലെ പിരിച്ചു വിടുകയായിരുന്നു.
ശൂന്യവേളയില്‍ പ്രതിപക്ഷത്തെ വി.ഡി സതീശനാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. അഞ്ച് ലക്ഷം രൂപ ഫീസ് ഹൈക്കോടതി അംഗീകരിച്ച ശേഷം ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും നോക്കുകുത്തിയാക്കി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കരാര്‍ ഒപ്പിട്ടതെന്ന് സതീശന്‍ ആരോപിച്ചു. സുപ്രീംകോടതി ഇപ്പോള്‍ നിര്‍ദേശിച്ച 11 ലക്ഷം രൂപ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതല്ലെന്നും ഹൈക്കോടതിയുടെ 21 നുള്ള അന്തിമവിധിയില്‍ ഫീസ് കുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് 25000 രൂപ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് എം.ഇ.എസ്, പരിയാരം, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പിട്ടത്. ഫീ റഗുലേറ്ററി കമ്മീഷന്‍ അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചപ്പോള്‍ തന്നെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ഈ ഫീസ് അംഗീകരിച്ചെങ്കിലും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യഘട്ട അലോട്ട്‌മെന്റില്‍ സ്വകാര്യകോളജുകളെ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് സുപ്രീംകോടതി തള്ളിയിട്ടില്ല. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ക്ക് കോടതി ആനുകൂല്യം നല്‍കിയതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഇതോടെ സബ്മിഷന്‍ റദ്ദാക്കി. മാരിടൈംബോര്‍ഡ് ബില്ല് ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മറ്റിക്ക് വിട്ട ശേഷം സഭ നേരത്തെ പിരിയുകയായിരുന്നു.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഫീസ് നിശ്ചയിച്ച ശേഷവും മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പിട്ടതാണ് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിടാന്‍ ഇടയാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. അലോട്ട്‌മെന്റ് വൈകിപ്പിച്ച് മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ അവസരം നല്‍കി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും സുപ്രീംകോടതിയില്‍ പോകാന്‍ മന:പൂര്‍വ്വം മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കി. അഡ്മിഷന്‍ ആരംഭിച്ചിരുന്നെങ്കില്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജികളില്‍ ഇടപെടാന്‍ കോടതി തയാറാകുമായിരുന്നില്ല. പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ലെന്നും സതീശന്‍ പറഞ്ഞു. നിലവിലുള്ള സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending