Culture

ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ നടപടി; വിശദീകരണം ആവശ്യപ്പെട്ട് ഫെഫ്ക

By chandrika

November 01, 2019

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനുമായി ഉണ്ടായ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണമേനോനോട് അടിയന്തിരമായി വിശദീകരണം തേടാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനോട് ആവശ്യപ്പെട്ടതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്‌റ്റേജ് പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാന്‍ സംഘാടകര്‍ ശ്രമിച്ചു. എന്നാല്‍ ഇത് വകവെക്കാതെ സ്‌റ്റേജില്‍ കയറിയ ബിനീഷ് ബാസ്റ്റിന്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. തനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.

അതേസമയം, സംഭവത്തില്‍ മാപ്പപേക്ഷയുമായി അനില്‍ രാധാകൃഷ്ണമേനോന്‍ രംഗത്തെത്തി. ബിനീഷിനോട് മാപ്പു ചോദിക്കുന്നുവെന്നും അടുത്ത സിനിമയില്‍ ചെറിയൊരുവസരം നല്‍കുമെന്നും അനില്‍ രാധാകൃഷ്ണമേനോന്‍ വ്യക്തമാക്കി.