ഹവാന: അന്തരിച്ച വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോക്ക് ക്യൂബന്‍ തലസ്ഥാനമായ ഹവാനയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മുന്‍ പ്രസിഡന്റിന്റെ ചിതാഭസ്മവുമായി അന്ത്യവിശ്രമ കേന്ദ്രമായ സാന്റിയാഗോയിലേക്ക് സൈനിക വാഹനം ഇരുണ്ടുതുടങ്ങിയപ്പോള്‍ ഹവാന ഒരുവേള നിശബ്ദമായി. ഫിദല്‍ എന്നെന്നേക്കുമായി തങ്ങളെ പിരിയുകയാണെന്ന സത്യം ക്യൂബന്‍ പ്രതിരോധ മന്ത്രാലയത്തിന് പുറത്ത് തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. ‘ഇത് അപരിഹാര്യമായ നഷ്ടമാണ്.

അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി പോരാടി. ഞങ്ങളെ സജ്ജരാക്കി. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തന്നു’-ക്യൂബന്‍ പതാക വീശി ഫിദലിനെ യാത്രയാക്കുമ്പോള്‍ 58കാരിയായ റെന മെന പറഞ്ഞു. ഫിദലിന്റെ അന്ത്യയാത്രക്ക് ദൃക്‌സാക്ഷികളാകാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ഹവാനയുടെ റോഡുകള്‍ക്ക് ഇരുവശവും തടിച്ചുകൂടിയത്. മെക്‌സിക്കന്‍, ഇക്വഡോര്‍, ബൊളീവിയന്‍, വെനസ്വേലന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമാരും മറ്റു നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നാലു ദിവസം നീണ്ട പര്യടനത്തിനുശേഷമായിരിക്കും ചിതാഭസ്മം സാന്റിയാഗോയിലെത്തുക.