ദുബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യു.എ.ഇ. 700 വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് വരെയാകും സൗജന്യ വിദ്യാഭ്യാസം.

രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ആത്മസമര്‍പ്പണത്തോടെ നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തുന്ന നടപടിയാണ് ഇതെന്ന് മുസഫയിലെ എല്‍.എല്‍.എച്ച് ആശുപത്രിയിലെ പള്‍മോണജിസ്റ്റ് ഡോ. സജീവ് നായര്‍ പറഞ്ഞു. സര്‍ക്കാറിന്റെ വലിയ ആദമാണ് ഇതെന്ന് എന്നായിരുന്നു ലൈഫ് കെയര്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ശേഖര്‍ വാര്യരുടെ പ്രതികരണം.

അതിനിടെ, ഓഗസ്റ്റ് 30ന് രാജ്യത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. കര്‍ശന കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാണ് വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നത്. പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍ എത്തുന്നത്.