അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. “എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, “എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി. നിങ്ങളെ മിസ് ചെയ്യും” എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. “വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഒരിക്കലും നാടകീയത കാണിക്കാത്ത കലാകാരനായിരുന്നു ശ്രീനിവാസൻ. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. സത്യസന്ധതയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിലകൽപ്പിച്ചിരുന്നത്. ആരെയും സുഖിപ്പിച്ച് സംസാരിക്കാൻ അദ്ദേഹത്തിനറിയില്ല. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്” എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.