News

ചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു

By Manya

February 23, 2026

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിന് എത്തിയതായിരുന്നു പരാതിക്കാരി.

പരാതിക്കാരിയുടെ രഹസ്യമൊഴിയിലും ആരോപണം ആവര്‍ത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയത്ത് പ്രതി താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഈ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് പി.ടി.കുഞ്ഞുമുഹമ്മദ് മുമ്പ് വാദിച്ചിരുന്നുവെങ്കിലും, അന്വേഷണത്തിന് പിന്നാലെ കുറ്റം നിലനില്‍ക്കുന്നതായി കണ്ടെത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.