തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ സന്തോഷം പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.”അവാര്‍ഡ് പ്രതീക്ഷിച്ച് സിനിമ ചെയ്യുന്നതല്ല, മികച്ച കഥകളും കഥാപാത്രങ്ങളും തന്നെയാണ് എല്ലാം നിര്‍ണ്ണയിക്കുന്നത്.” മമ്മൂട്ടി പറഞ്ഞു.
പുരസ്‌കാരം നേടിയ എല്ലാ കലാകാരന്മാര്‍ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്. ”ഇത് ഒരു യാത്രയാണ്. ഒറ്റയാള്‍ ഓട്ടമല്ല, കൂടെ നില്‍ക്കുന്ന എല്ലാവരെയും ഒപ്പം ചേര്‍ത്തുപിടിക്കേണ്ടതാണ്,” എന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ കൈയ്യടക്കിയതെന്ന മാധ്യമപ്രശ്‌നത്തിന് മമ്മൂട്ടിയുടെ മറുപടി രസകരമായിരുന്നു: ”ഞാനും ഈ തലമുറയില്‍ പെട്ടയാളല്ലേ? എന്നെയാരും പഴയതാക്കണ്ട,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി.
അടുത്തതായി റിലീസിനൊരുങ്ങുന്ന കളങ്കാവ് ബോക്‌സ് ഓഫീസില്‍ ”തൂക്കുംവോ” എന്ന ചോദ്യത്തിനും മമ്മൂട്ടിയുടെ മറുപടി അത്രതന്നെ രസകരമായിരുന്നു: ”തൂക്കാനെന്താ, കട്ടിയാണോ?” ചിരിയില്‍ പൊതിഞ്ഞ മറുചോദ്യം.
മമ്മൂട്ടിയുടെ അഭിനയജീവിതം മലയാള സിനിമയുടെ അഭിമാനചരിത്രമാണ്. 1981-ല്‍ അഹിംസ എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയത്. തുടര്‍ന്ന് അടിയൊഴുക്കുകള്‍, യാത്ര, നിറക്കൂട്ട്, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, വിധേയന്‍, പൊന്തന്‍മാട, കാഴ്ച, പാലേരി മാണിക്യം, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച നടനുള്ള റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.
മലയാള സിനിമയുടെ മുഖമായി അര്‍ധ നൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടി, ഇന്നും തന്റെ കരിയറില്‍ പുതുമകള്‍ തേടുകയാണ്. ”പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടന്‍,” എന്നത് ആരാധകരുടെ അഭിപ്രായം. അതിന് മമ്മൂട്ടി തന്നെ പറഞ്ഞ വാക്കുകള്‍ തന്നെയാണ് മറുപടി ‘ഇനിയും തേച്ചാല്‍, ഇനിയും മിനുങ്ങും.”