kerala

വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും

By webdesk17

June 08, 2025

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

അതേസമയം ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിയക്കും കൃഷ്ണകുമാറിനുമെതിരായി ജീവനക്കാര്‍ നടി അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ നല്‍കിയ പരാതി. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.

ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയയാണെന്നാണ് ജീവനക്കാരുടെ ആരോപണം.