kerala

കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍

By webdesk17

August 06, 2025

കോതമംഗലത്ത് യുവതി ആണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അന്‍സിലിന് സുഹൃത്ത് അഥീന എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലക്കി നല്‍കിയെന്നാണ് വിവരം. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെഡ്ബുള്ളിന്റെ കാലിയായ കാനുകള്‍ കണ്ടെത്തി. കൊലപാതകത്തിനു് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് വിവരം.

മാതിരപ്പിള്ളി നെടുങ്ങാട്ട് മേലേത്ത് മാലില്‍ അന്‍സില്‍ (38) ആണ് കൊല്ലപ്പെട്ടത്. പെണ്‍സുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനാണ് (30) അറസ്റ്റിലായത്. നിലവില്‍ റിമാന്‍ഡിലാണ് യുവതി.

ടിപ്പര്‍ ഡ്രൈവറായ അന്‍സിലും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. തന്നെ ഉപദ്രവിച്ചുവെന്ന് അഥീന കോതമംഗലം പൊലീസില്‍ അന്‍സിലിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ പണം അഥീനക്ക് നല്‍കാമെന്നേറ്റിരുന്നു. എന്നാല്‍, ഈ പണം നല്‍കാതായതോടെ ഇരുവരും തമ്മില്‍ തര്‍ക്കത്തിലെത്തി.

വ്യാഴാഴ്ച രാത്രി യുവതി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അന്‍സിലിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന് കളനാശിനി നല്‍കി. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ യുവാവ് തന്നെയാണ് വിവരം സുഹൃത്തുക്കളെയും പൊലീസിനെയും വിളിച്ച് അറിയിച്ചത്. എന്നാല്‍ യുവതി അന്‍സിലിന്റെ വീട്ടുകാരെ വിളിച്ച് ആത്മഹത്യാശ്രമം എന്ന വിവരവും അറിയിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.