ന്യൂഡല്‍ഹി: മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. തന്റെ ഭരണത്തേയോ സര്‍ക്കാരിനേയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരുടെ നഖങ്ങള്‍ വെട്ടിമാറ്റുമെന്ന ബിപ്ലബ് ദേബിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

‘ഒരു കച്ചവടക്കാരന്‍ രാവിലെ എട്ട് മണിക്ക് കുറച്ച് പഴങ്ങളുമായി മാര്‍ക്കറ്റിലെത്തിയാല്‍ ഒമ്പത് മണിയാകുമ്പോഴേക്കും വില്‍ക്കാനുള്ള പഴങ്ങളില്‍ നിരവധിപേര്‍ തൊട്ടിട്ടുണ്ടാകും. പഴത്തിന് മുകളില്‍ നിരവധി നഖപ്പാടുകളുണ്ടാകും. പിന്നെ അത് വില്‍ക്കാനാവില്ല. പിന്നെ അത് പശുവിന് കൊടുക്കാനോ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാനോ മാത്രമേ പറ്റൂ. എന്റെ സര്‍ക്കാരിന് അങ്ങനെ സംഭവിക്കാന്‍ അനുവദിക്കില്ല. അങ്ങനെ നഖപ്പാടുകളുണ്ടാക്കാന്‍ ശ്രമിക്കുന്ന നഖങ്ങള്‍ മുറിച്ചു മാറ്റും’-ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ബിപ്ലബ് ദേബ് പറഞ്ഞു.

അധികാരത്തില്‍ വന്നത് മുതല്‍ മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ ആളാണ് ബിപ്ലബ് ദേബ്. മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വെളിപാട്. മുന്‍ ലോക സുന്ദരി ഡയാന ഹൈഡനെ വിമര്‍ശിച്ചതിന് ബിപ്ലബ് പിന്നീട് മാപ്പ് പറഞ്ഞിരുന്നു.

സിവില്‍ എഞ്ചിനീയര്‍മാരാണ് സിവല്‍ സര്‍വീസിന് പോകേണ്ടത്, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ ഓടാതെ പശുവിനെ വളര്‍ത്തണം തുടങ്ങിയ ബിപ്ലബ് ദേവിന്റെ പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. നിരന്തരമായി മണ്ടത്തരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.