ഡെറാഡൂണ്‍: ബിജെപി എം.എല്‍.എ പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡെറാഡൂണ്‍ പൊലീസ്. പീഡനത്തിന് പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തന്ന കുറ്റത്തിലാണ് ബി.ജെ.പി എം.എല്‍.എ മഹേഷ് സിങ് നേഗിക്കെതിരെ ഡെറാഡൂണ്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദ്വാരഹത് എം.എല്‍.എ തന്നെ ബലാത്സംഗം ചെയ്തുവെന്നും തന്റെ കുട്ടിയുമായുള്ള ബന്ധം കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ പരാതി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വ്യാജ കേസ് ഫയല്‍ ചെയ്യുമെന്ന് എംഎല്‍എയുടെ ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതി നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് 16 ന് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡെറാഡൂണ്‍ പൊലീസ് ബി.ജെ.പി എം.എല്‍.എ മഹേഷ് സിംഗ് നേഗിക്കെതിരെ കേസെടുത്തത്.
ഐ.പി.സി376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

നേരത്തെ, പീഡന വിവരം പുറത്തുവന്നിട്ടും ദ്വാരഹത് എം.എല്‍.എക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം കോടതി കയറുകയുമുണ്ടായി. തുടര്‍ന്ന് ഡെറാഡൂണ്‍ കോടതിയുടെ വിധി പ്രകാരമാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്.

എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചതായി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയ യുവതിയുടെ അഭിഭാഷകന്‍ എസ്.പി സിങ് പറഞ്ഞു. അതേസമയം നേഗിയുടെ ഭാര്യയുടെ പരാതിയില്‍ യുവതിക്കും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.