വര്‍ക്കലയില്‍ യുവതിയെ പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍. പ്രകോപനത്തിനു കാരണം വഴിമാറി കൊടുക്കാത്തതെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു.
അതിനിടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുമായി വാക്ക് തര്‍ക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്‍കി.ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രീക്കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീക്കുട്ടി മാറിയില്ല.ഇത് പ്രകോപനത്തിന് കാരണമായെന്നും തുടര്‍ന്ന് ശ്രീക്കുട്ടിയുമായി തര്‍ക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു.
ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറയുന്നു. ‘വാഷ്‌റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല.അയാള്‍ മദ്യപിച്ചിരുന്നു.പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്’.പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്നു.
ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ പൊലീസാണ് കേസെടുത്തത്.നിലവില്‍ ആര്‍പിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.