kerala

കണ്ണൂരില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം

By webdesk14

February 16, 2023

കണ്ണൂരില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു. തീപിടുത്തത്തില്‍ തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. രണ്ടു കിലോമീറ്ററിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ ആളി പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീ അണയ്ക്കാനായി എത്തി. നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീ അണയ്ക്കുന്നതിനു വേണ്ടി യാര്‍ഡിലേക്ക് എത്തി. റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കി. വീടുകള്‍ക്കു സമീപം വരെ തീയെത്തി. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാന്‍ രംഗത്തെത്തി. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.