kerala

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു

By webdesk17

November 29, 2025

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ സിബ്ലോക്കിന്റെ ഒമ്പതാം നിലയില്‍ ഉണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമായി. എസി ചില്ലര്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ ടെറസിലെ എസി ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.

അപകടം അറിയുന്ന ഉടന്‍ ജീവനക്കാര്‍ ആശുപത്രിയിലെ തന്നെ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കുകയും, ഫയര്‍ഫോഴ്‌സ് എത്തും മുമ്പുതന്നെ നിയന്ത്രണം നേടുകയും ചെയ്തു. അഞ്ചു ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തസമയത്ത് ഒമ്പതാം നിലക്ക് മുകളിലുള്ള ടെറസിലാണ് തീ പടര്‍ന്നത്. രോഗികള്‍ ഉണ്ടായിരുന്ന എട്ടാം നിലയിലേക്കോ മറ്റ് വിഭാഗങ്ങളിലേക്കോ തീ പടര്‍ന്നിട്ടില്ല. മുന്‍കരുതലായി രോഗികളെയും ജീവനക്കാരെയും താല്‍ക്കാലികമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും പിന്നീട് എല്ലാവരെയും തിരിച്ചുകയറ്റി. ആശുപത്രിയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനരാരംഭിച്ചു.

ആശുപത്രി നിയമപ്രകാരം തന്നെ എസി ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എജിഎം പിആര്‍ സലില്‍ ശങ്കര്‍ വ്യക്തമാക്കി. ‘ രോഗികള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ അപകടഭീഷണിയോ ഉണ്ടായിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച എംകെ രാഘവന്‍ എംപി ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി അധികൃതരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മെഡിക്കല്‍ കോളേജില്‍ ഐസിയു, വെന്‍്‌റിലേറ്റര്‍ എന്നിവ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. തീ പെട്ടെന്ന് നിയന്ത്രണത്തിലായതും രോഗികളെ ഉടനടി മാറ്റിനിറുത്തിയതുമാണ് വലിയ അപകടം ഒഴിവാക്കിയത് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.