ഭൂവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വരിലെ ആസ്പത്രിയിലുണ്ടായ തീപിടിത്തത്തില്‍ 24 പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് എസ്‌യുഎം ആസ്പത്രിയിലെ ഡയാലിസിസ് വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. അത്യാഹിത വിഭാഗത്തിലേക്കും തീ പടര്‍ന്നതോടെ അപകടത്തിന്റെ വ്യാപ്തി കൂട്ടി. പുക ശ്വസിച്ചാണ് കൂടുതല്‍ ആളുകളും മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.
അഗ്നിശമനസേന ജീവനക്കാരും ആസ്പത്രി അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുക നിറഞ്ഞതിനാല്‍ ജനല്‍ചില്ലുകള്‍ പൊട്ടിച്ചാണ് രോഗികളെ പുറത്തെടുത്തത്. ഏഴോളം ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണച്ചത്. സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.