kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം; രണ്ട് മാസമായിട്ടും തുറന്ന പ്രവര്‍ത്തിക്കാതെ അത്യാഹിത വിഭാഗം

By nazmiya nazreen

July 02, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായിട്ട് ഇന്നേക്ക് രണ്ടുമാസം പന്നിട്ടു. എന്നാല്‍ രണ്ട് മാസമായിട്ടും അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടില്ല. തീപിടുത്തമുണ്ടായിടത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന നടക്കുകയാണ്. അനുകൂല റിപ്പോര്‍ട്ടിന് ശേഷമേ അത്യാഹിത വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. ഇതിന് ഇനിയും മുന്നോ നാലോ ആഴ്ചയെടുക്കുമെന്നാണ് സൂചന.

അത്യാഹിത വിഭാഗമായ ആറു നില കെട്ടിടത്തില്‍ ചോര്‍ച്ചയടക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പഴയ ക്വാഷ്വാലിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അസൗകര്യങ്ങളും രണ്ടിരട്ടിയിലേറെ രോഗികളെത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. പിന്നാലെ മെയ് ഏഴിനും സമാനമായ രീതിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു.