Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

By webdesk17

November 15, 2024

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.