india

റിപ്പബ്ലിക് ദിനത്തില്‍ ബീഹാറില്‍ വെടിവെപ്പും ബലാത്സംഗവും; വിരോധാഭാസമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം

By webdesk18

January 27, 2025

പട്‌ന: സംസ്ഥാനത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നും അത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയ അതേ ദിവസം രണ്ട് ക്രൂര സംഭവങ്ങളില്‍ നടുങ്ങി ബിഹാര്‍. സ്‌കൂളിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അധ്യാപകന് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റി. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ 10 വയസുകാരി ബലാത്സംഗത്തിനിരിയായി. ഇതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം വിരോധാഭാസമായി. കേരളത്തില്‍ നിന്ന് വീഹാറിലേക്ക് മാറിയതിനു ശേഷമുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ റിപ്പബ്ലിക് ദിന ചടങ്ങായിരുന്നു ഇത്.

ഭരണാധികാരികള്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ ബീഹാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ ഭോജ്പൂരിലെ ചമ്പാര്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ യോഗേന്ദ്ര പ്രസാദിനെ റിപ്പബ്ലിക് ദിന ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുന്നവഴി മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. അതേസമയം, ഭോജ്പൂരിലെ ഒരു പ്രദേശത്ത് സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ തെരുവിലിറങ്ങി.

‘സംസ്ഥാനത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത് നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ഏറ്റവും മുന്‍ഗണന’ എന്നായിരുന്നു പട്നയിലെ ഗാന്ധി മൈതാനിയില്‍ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സര്‍ക്കാര്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നു. അത് മെച്ചപ്പെടുത്തുന്നതിനായി പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുകയും എല്ലാ ഔട്ട്പോസ്റ്റുകളും പൊലീസ് സ്റ്റേഷനുകളാക്കി മാറ്റുകയും ചെയ്തു. സാമുദായിക സൗഹാര്‍ദം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷം പുറത്തുവരുമ്പോള്‍ പൊലീസും ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.