india

മണിപ്പൂരില്‍ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി

By webdesk17

September 20, 2025

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, സംഭവം ശക്തമായി അപലപിച്ചു. സമാധാനം നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ സേന സംഭവസ്ഥലവും പരിസര പ്രദേശങ്ങളും വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-ന് മണിപ്പൂര്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കലാപബാധിത ചുരാചന്ദ്പൂരിലെത്തിയ മോദി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്ത് സംഘര്‍ഷമുണ്ടായതും തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതും നിരോധിത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതുമാണ് ശ്രദ്ധേയമായത്.