Sports

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ആദ്യ താരം: ഷായ് ഹോപ്

By webdesk18

November 20, 2025

നേപിയര്‍ (ന്യൂസിലാന്‍ഡ്): ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതുമയാര്‍ന്ന നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‌ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.

ഈ നേട്ടത്തോടെ ഇന്ത്യയുടെ ‘ദി വാള്‍’ രാഹുല്‍ ദ്രാവിഡിനെ ഹോപ് പിന്നിലാക്കി. ദ്രാവിഡ് തന്റെ കാലത്ത് ടെസ്റ്റ് കളിച്ചിരുന്ന 10 രാജ്യങ്ങളില്‍ 9 ടീമുകള്‍ക്കെതിരെയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നത്. ദ്രാവിഡ് വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റ് പദവി നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ച്വറികളോടെ നിറഞ്ഞത്.

6000 ഏകദിന റണ്‍സ്: വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം വേഗത്തില്‍ (142 ഇന്നിംഗ്സ്) 6000 റണ്‍സ് നേടുന്ന കരീബിയന്‍ താരം. റിച്ചാര്‍ഡ്‌സ് 141 ഇന്നിംഗ്സില്‍ നേട്ടം നേടിയിരുന്നു.

ഏകദിന സെഞ്ച്വറികള്‍ 19: ബ്രയന്‍ ലാറയുമായി രണ്ടാം സ്ഥാനത്ത്. ക്രിസ് ഗേള്‍ (25) ഒന്നാമത്. 6097 റണ്‍സ്, 50.8 ശരാശരി, 19 സെഞ്ചുറി, 30 അര്‍ധസെഞ്ചുറി. കിവീസ് 5 വിക്കറ്റിന് ജയിച്ചു

അതേസമയം മഴ രസംകൊല്ലിയായ മത്സരത്തില്‍ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്റെ സെഞ്ച്വറിക്കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. കിവികള്‍ക്കായി നേഥന്‍ സ്മിത്ത് നാലും കൈല്‍ ജേമിസന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു. മറുപടി ബാറ്റിങ്ങില്‍ ഡെവണ്‍ കോണ്‍വെയും (84 പന്തില്‍ 90) രചിന്‍ രവീന്ദ്രയും (46 പന്തില്‍ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തില്‍ 39*), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്‌സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ് ന്യൂസിലന്‍ഡ്.