കോഴിക്കോട്: കേരളതീരത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാര്‍ വിവാദത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം.

കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചടങ്ങിന്റെ വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സോപാനം ഓഡിറ്റോറിയത്തിനു സമീപത്തേക്ക് പ്രതിഷേധക്കാര്‍ എത്തിയത്.

സി.ഐ.ടി.യുവിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് ഇവര്‍ മന്ത്രിയുടെ കോലം കത്തിക്കുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ നേരിയസംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലുവയിലും പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.