News

ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

By webdesk18

August 11, 2025

ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപത്തുവച്ച് നടന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് മരിച്ചത്. ആശുപത്രിക്ക് സമീപത്തുണഅടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ താത്ക്കാലിക ടെന്റില്‍ ആക്രമണമുണ്ടാകുകയും അഞ്ചുപേരും തത്ക്ഷണം കൊല്ലപ്പെടുകയുമായിരുന്നു.

മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കരുതിക്കൂട്ടി ആക്രമണമുണ്ടാകുകയായിരുന്നുവെന്നും അല്‍ജസീറ പ്രസ്താവനയിലൂടെ ആരോപിച്ചു. അനസ് അല്‍ ഷെരീഫിനെതിരെ ആക്രമണം നടന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ഇസ്രഈല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അംഗീകൃത സ്റ്റാഫുകള്‍ തന്നെയാണ് ഗസ്സ മുനമ്പില്‍ അവര്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മൊവാദ് അറിയിച്ചു.