തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്‍ വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ‘ഇവനെയൊക്കെ കോടതിയുടെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.
ആന്‍ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്‍ ആണ് ഇവര്‍ നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്‍ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക
കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്‍. എത്രയും പെട്ടെന്ന് ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്‍ സ്റ്റാര്‍ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്‍ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്‍ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് വായിച്ചപ്പോള്‍ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്‍ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്‍ അത് കൊടുക്കാന്‍ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.