kerala

ഡയറി എഴുതാത്തതിന് അഞ്ച് വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം

By webdesk17

October 15, 2024

ഡയറി എഴുതാത്തതിന് അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപിക. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അധ്യാപികയായ സെലിനാണ് കുട്ടിയുടെ രണ്ട് കാല്‍ മുട്ടിനു താഴെയും ക്രൂരമായി അടിച്ചത്.

രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അധ്യാപികയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണം ഉയര്‍ന്നു. സ്‌കൂള്‍ മാനേജ്മെന്റിന്റെ സ്വാധീനംകൊണ്ടാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് കുട്ടിയുടെ രക്ഷിതാവ് ആരോപിക്കുന്നത്.

അതേസമയം സ്‌കൂള്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പിനു വേണ്ടി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. എന്നാല്‍ അധ്യാപിക ഒളിവില്‍ ആണെന്ന വിശദീകരണമാണ് നെടുപുഴ പൊലീസ് നല്‍കുന്നത്.