india

ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് പേര്‍ മരിച്ചു

By webdesk17

August 30, 2025

ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായും നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിക്കുകയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ദുരന്തബാധിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.