News

പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ പിഴവ്; തെറ്റായ ചോദ്യക്കടലാസ് നൽകിയെന്ന് വിദ്യാർഥിനിയുടെ പരാതി

By vismaya

March 11, 2026

കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ തെറ്റായ ചോദ്യക്കടലാസ് നൽകിയതായി വിദ്യാർഥിനിയുടെ പരാതി. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയതെന്ന് ആരോപണം ഉയർന്നത്.

‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയതെന്ന് പരാതിയിൽ പറയുന്നു.

ജന്മനാ ബീറ്റ തലസീമിയ മേജർ രോഗമുള്ളതിനാൽ പ്രത്യേക ഹാളിലായിരുന്നു വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആ ഹാളിലേക്ക് എത്തിച്ച കവർ പൊട്ടിക്കാതെ, സമീപ ക്ലാസിൽ ബാക്കിയുണ്ടായിരുന്ന അക്കൗണ്ടൻസി (അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്) ചോദ്യക്കടലാസ് നൽകുകയായിരുന്നുവെന്നാണ് ആരോപണം.

രണ്ടു വിഷയങ്ങൾക്കും ഒരേ പുസ്തകം ഉപയോഗിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. അതിനാൽ ചോദ്യങ്ങൾ സമാനമായിരുന്നതിനാൽ ഇത് തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.

പരീക്ഷ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ വൈകിട്ട് 3.20ഓടെയാണ് അധ്യാപകർക്ക് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് വിദ്യാർഥിനിയുടെ കൈയിൽ നിന്നുള്ള ഉത്തരക്കടലാസും ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

സംഭവത്തിൽ വിദ്യാർഥിനി വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ഇ-മെയിലിലൂടെ പരാതി നൽകിയിട്ടുണ്ട്.