Culture

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മരണസംഖ്യ 126 ആയി

By chandrika

July 10, 2018

 

ജപ്പാനില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിനിടയാക്കിയത്. 78 പേരെ കാണാതായെന്നും ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഹിരോഷിമ മേഖലയിലാണ് ദുരന്തം ഏറെ നാശം വിതച്ചത്.

ഇവിടെ 44 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദുരന്തത്തിന്റെ പൂര്‍ണമായ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉണ്ടായ ശക്തമായ പേമാരിയില്‍ നൂറോളം വീടുകളാണ് തകര്‍ന്നത് . 15 ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ആയിരക്കണക്കിന് പോലീസ്, അഗ്‌നിശമനസേനാംഗങ്ങള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് .

ജനവാസ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലില്‍ ഗതാഗതം താറുമാറായി. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളോട് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേന, പൊലീസ്, അഗ്‌നിശമന സേന തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള സേവനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.