News

ഇന്തോനേഷ്യയില്‍ പ്രളയവും മണ്ണിടിച്ചിലും: 303 പേര്‍ മരിച്ചു

By webdesk18

November 30, 2025

ജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചു. ദുരന്തത്തില്‍ 303 പേര്‍ മരിക്കുകയും 279 പേര്‍ കാണാതാകുകയും ചെയ്തു. 80,000-ത്തിലധികം ആളുകള്‍ ഭവനരഹിതരായി.

ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര മഴയാണ് പെയ്യുന്നത്. ഏറ്റവും രൂക്ഷമായി ബാധിച്ചത് സുമാത്ര ദ്വീപ് പ്രവിശ്യയാണ്. ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതോടെ ആശയവിനിമയവും അടിസ്ഥാന സൗകര്യങ്ങളും നിലംപൊത്തിയിട്ടുണ്ട്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ചില റോഡുകളില്‍ ഇപ്പോഴും തടസം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അവ നീക്കാന്‍ ശ്രമം ശക്തമാക്കി വരികയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.

വടക്കന്‍ സുമാത്ര തീരത്ത് രണ്ട് ദിവസം മുന്‍പ് 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയും വലിയ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്തു. വടക്കന്‍ സുമത്രയില്‍ മാത്രം 28 പേര്‍ ദുരന്തത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.