കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ സിന്‍ഡ്രോം അഥവാ സ്റ്റിയാടോട്ടിക് ലിവര്‍ ഡിസീസ്. സാധാരണയായി അല്പം കൊഴുപ്പ് കരളില്‍ ഉണ്ടായിരിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ ഇത് കരളിന്റെ ആകെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ രോഗാവസ്ഥ ആരംഭിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.
കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ. എന്നാല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോമിന്റെ ആദ്യ സൂചനകള്‍ ശരീരത്തിലെ കാലുകളില്‍ തന്നെ കാണാനാകുമെന്ന മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. പ്രദീപ് വെക്കാരിയ നല്‍കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അടുത്തിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. കാലുകളില്‍ പ്രത്യേകിച്ച് കണങ്കാലിന് സമീപം ഉണ്ടാകുന്ന നീരാണ് ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. പലരും ഇത് ദീര്‍ഘനേരം നിന്നതോ നടന്നതോ മൂലമുള്ള സാധാരണ പ്രശ്‌നമായി തെറ്റിദ്ധരിക്കാറുണ്ടെന്നും ഡോ. പ്രദീപ് പറയുന്നു.
കണങ്കാലിന് മുകളിലെ ചര്‍മ്മത്തില്‍ കുറച്ച് നേരം അമര്‍ത്തിയ ശേഷം കൈ മാറ്റുമ്പോള്‍ ചര്‍മ്മം കുഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കരള്‍ രോഗത്തിന്റെ സൂചനയാകാം. കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതോടെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം തകരുകയും ഇതുവഴി കാലുകളില്‍ നീര് രൂപപ്പെടുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കാതെ പോകുന്നത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് എത്തിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കാലിലെ നീര് കൂടാതെ വയറിലെ അസ്വസ്ഥത, അമിത ക്ഷീണം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, വയറ്റില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കല്‍, കൈകളിലും നീര് എന്നിവ ഫാറ്റി ലിവറിന്റെ മറ്റ് ലക്ഷണങ്ങളാണ്. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസാധാരണമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത മദ്യപാനം, സ്‌ലീപ് അപ്നിയ, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവ ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു.