ന്യൂഡല്‍ഹി: ആരാധകരെ സൂപ്പര്‍ ഫീല്‍ഡിങിന് സാക്ഷിയാക്കി വീണ്ടും സഞ്ജു വി സാംസണ്‍. വ്യാഴാഴ്ച നടന്ന ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്. യുസ്വേന്ദ്ര ചാഹലിന്റെ ബൗളില്‍ ഉയര്‍ത്തിയടിച്ച പന്ത് പിന്നോട്ട് പറന്നാണ് സഞ്ജു കൈപ്പിടിയിലൊതുക്കിയത്.


സഞ്ജുവിന്റെ ജോണ്ടി റോഡ്സ് ക്യാച്ച് ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ ചര്‍ച്ചയായി കഴിഞ്ഞു. സൂപ്പര്‍ ക്യാച്ചിന്റെ വീഡിയോ സഞ്ജു തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചു.

മത്സരത്തില്‍ 85 പന്തില്‍ 93 റണ്‍സ് അടിച്ച മനീഷ് പാണ്ഡെയുടെയും കരുത്തില്‍ ഇന്ത്യന്‍ എ ദക്ഷിണാഫ്രിക്കയുടെ എ ടീമിനെ പരാജയപ്പെടുത്തി. 90 പന്തില്‍ 68 റണ്‍സുമായ ബാറ്റിങിലും സഞ്ജു മികവ് കാണിച്ചു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവ ടീമിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

നേരത്തെ ഐ.പി.എല്ലിലും സഞ്ജു വി സാംസണ്‍ സൂപ്പര്‍ ക്യാച്ചില്‍ ആരാധക കയ്യടി നേടിയിരുന്നു. അന്ന് സഞ്ജുവിനെ പറക്കും ജോണ്ടി റോഡ്സ് എന്നായിരുന്നു ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.