india

നോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു

By sreenitha

January 18, 2026

നോയിഡ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

മരിച്ചത് യുവരാജ് മെഹ്തയെയാണ്. മൂടൽമഞ്ഞ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട യുവരാജ് സഞ്ചരിച്ച കാർ, രണ്ട് ഡ്രെയിനേജുകളെ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ ഇടിച്ച് എഴുപത് അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചു.

യുവരാജിന്റെ നിലവിളി കേട്ട് വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിപ്പോയി. അപകടത്തിനിടെ യുവരാജ് പിതാവിനെ ഫോണിൽ വിളിച്ച് താൻ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും ജീവൻ നഷ്ടപ്പെടാൻ ആഗ്രഹമില്ലെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

വിവരം ലഭിച്ച മിനിറ്റുകൾക്കകം പൊലീസ്, മുങ്ങൽ വിദഗ്ധർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും അപകടസ്ഥലത്തെത്തി.

ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ യുവരാജിനെയും കാറിനെയും കനാലിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിച്ചു.

റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ലെന്നും സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടില്ലെന്നുമാണ് അപകടകാരണമെന്ന ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി.