കോട്ടയത്ത് സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതുമൂലം നഴ്‌സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ പ്രധാന പാചകക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. മുഹമ്മദ് സിറാജുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
പാര്‍ക്ക് ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി അല്‍ഫാം ഓര്‍ഡര്‍ ചെയ്ത് കഴിച്ചതിനു പിന്നാലെയാണ് നഴ്‌സ് രശ്മി രാജ് (33)നെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ചയാണ് മരിച്ചത്. ആന്തരികാവയവങ്ങളിലെ അണുബാധയാണ് രശ്മിയുടെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പാര്‍ക്ക് ഹോട്ടലില്‍ നിന്നും കഴിഞ്ഞ മാസം 29ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങിയ അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നായിരുന്നു രോഗബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും ഉണ്ടാവുകയായിരുന്നു.