മാഡ്രിഡ്: ഇതിഹാസ ഫുട്‌ബോള്‍ താരം സിനദിന്‍ സിദാന്റെ മകന്‍ എന്‍സോ ഫെര്‍ണാണ്ടസ് പുതിയ ക്ലബിലേക്ക്. കഴിഞ്ഞ ട്രാന്‍ഫറില്‍ റയല്‍ മാഡ്രിഡ് വിട്ട് അലാവസില്‍ ചേക്കേറിയ എന്‍സോ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയത്. സ്വിസ് ക്ലബ് ലൗസാനെയാണ് എന്‍സോയെ സ്വന്തമാക്കിയത്.

നേരത്തെ റയല്‍ മാഡ്രിഡില്‍ പിതാവ് സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനത്തിരിക്കുമ്പോഴായിരുന്നു എന്‍സോയെ അലാവസിന് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ആറു മാസത്തിനിടെ അലാവസില്‍ വെറു നാലുകളികളില്‍ നിന്നായി വെറും 155 മിനുട്ട് മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. ഇതാണ് ക്ലബ് വിടാന്‍ മധ്യനിര താരത്തെ പ്രരിപ്പിച്ചത്.

സിദാന്റെ നാലു മക്കളില്‍ മൂത്തവനാണ് എന്‍സോ. ഗോള്‍ കീപ്പാറായ ലൂക്ക സിദാനാണ് രണ്ടാമന്‍. സിദാന്റെ മക്കളില്‍ ഏറ്റവും കഴിവുള്ള മകനായാണ് ലൂക്കയെ വിലയിരുത്തുന്നത്.നിലവില്‍ റയല്‍ മാഡ്രിഡ് ബി ടീമിന്റെ നമ്പര്‍ വണ്‍ ചോയിസ് കീപ്പറാണ് ലൂക്ക. 15 വയസ്സുള്ള തിയോ സിദാനും 12 വയസ്സുള്ള എലിയസ് സിദാന്‍ ഫെര്‍ണാണ്ടസുമാണ് മറ്റു രണ്ടു കുട്ടികള്‍.  ഇരുവരും റയല്‍ മാഡ്രിഡിന്റെ ജൂനിയര്‍ അക്കാദമിയിലാണ്.