kerala

വളപട്ടണം ഫുട്ബോള്‍ ആതിഥേയരെ തളച്ച് സ്‌കൈബ്ലൂ എടപ്പാള്‍

By Chandrika Web

January 31, 2023

കണ്ണൂര്‍: സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പൊരുതികളിച്ച ആതിഥേയ താരങ്ങള്‍ ഒടുവില്‍ സ്‌കൈബ്ലൂ എടപ്പാളിനോട് അടിയറവ് പറഞ്ഞു. കാല്‍പന്തുകളിയുടെ പോര്‍വീര്യത്തിലേക്ക് വഴിമാറും വളപട്ടണത്ത് ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബിനെ തളച്ച് സ്‌കൈബ്ലൂ ജയിച്ച് കയറിയത് രണ്ടിനെതിരെ മൂന്ന് ഗോളിന്. വളപട്ടണം ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബ് ആതിഥ്യമരുളുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രാഥമിക റൗണ്ടിലെ ആദ്യ അങ്കത്തിലാണ് ആതിഥേയ ടീം പൊരുതിതോറ്റത്. കരുത്തരായ സ്‌കൈബ്ലൂ എടപ്പാളിനെതിരെ ശക്തമായിരുന്നു ടൗണ്‍ സ്പോര്‍ട്സ് ക്ലബ്ബ് താരങ്ങളുടെ പോര്‍വീര്യം. ഐവറികോസ്റ്റ് താരങ്ങള്‍ക്കെതിരെ വളപട്ടണത്തിന്റെ സ്വന്തം താരങ്ങള്‍ വീറുറ്റ മത്സരമാണ് കാഴ്ചവെച്ചത്. അവസാന നിമിഷം വരെ വീറുംവാശിയുമുണര്‍ത്തിയ മത്സരം കളിയാരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലാക്കുന്നതായിരുന്നു ടൗണ്‍ സ്പോര്‍ട്സ് താരങ്ങളുടെ കുതിപ്പ്. മൈതാനത്ത് കയ്യാങ്കളിയിലേക്കും ഇരു ടീമുകളിലെയും ഓരോ താരങ്ങളെയും പുറത്താക്കുന്നതിലേക്കുമെത്തിയ അങ്കത്തിനൊടുവില്‍ വിജയം ഉറപ്പിക്കുകയായിരുന്നു സ്‌കൈബ്ലൂ എടപ്പാളിന്റെ താരങ്ങള്‍. എ.കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണകപ്പിനും ഒരുലക്ഷം രൂപയുടെ ഷെര്‍ലോണ്‍ പ്രൈസ് മണിക്കും വേണ്ടി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ന് കാല്‍പന്തുകളിയിലെ എക്കാലത്തെയും കൊമ്പന്‍മാരായ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം പ്രാഥമിക റൗണ്ടില്‍ രണ്ടാം അങ്കത്തിനിറങ്ങുന്ന ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാടുമായി ഏറ്റുമുട്ടും.