ഗുവാഹതി: ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാര്‍ സ്റ്റേഡിയങ്ങളിലാണ് കളി. ഉദ്ഘാടന ദിനത്തില്‍ ഉത്തരാഖണ്ഡ്-രാജസ്ഥാന്‍, ബംഗാള്‍-നാഗാലാന്‍ഡ്, തമിഴ്‌നാട്-അസം മത്സരങ്ങള്‍ നടക്കും. നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും.
12 ടീമുകളാണ് അന്തിമ റൗണ്ടിലുള്ളത്. ഗ്രൂപ് എ-യില്‍ ആതിഥേയരായ അസം, നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ബി-യില്‍ കേരളം, സര്‍വിസസ്, പഞ്ചാബ്, ഒഡിഷ, റെയില്‍വേസ്, മേഘാലയ ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയില്‍ ബംഗാളും കേരളവും ആതിഥേയരായി അസമും അന്തിമ റൗണ്ടിന് നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ബാക്കി ഒമ്പത് ടീമുകളെത്തിയത്. ഓരോ ഗ്രൂപ്പില്‍നിന്നും നാല് വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും. ഫെബ്രുവരി രണ്ടിനും മൂന്നിനും ക്വാര്‍ട്ടറും അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും അരങ്ങേറും.