കേരള തൊഗാഡിയ വെറും പൂജ്യ ശ്രീ വെള്ളാപ്പള്ളി തന്റെ വെളിപാട് പുസ്തകമായ വെളിവുകേട് പുറത്തെടുക്കാനാരംഭിച്ചിട്ട് നാള്‍ ഏറെയായി. എന്നാല്‍ ഇത് ചിരിച്ചു കേട്ട് ആദ്യമൊക്കെ ഇതിനു എരിവും പുളിയും നല്‍കി പിരികറ്റിയത് മാധ്യമങ്ങളായിരുന്നു. സെന്‍സിന് പകരം സെന്‍സേഷനലിസത്തിന് പിന്നാലെ പോയ മാധ്യമങ്ങള്‍ ഒടുവില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയതോടെ വെള്ളാപ്പള്ളി തനത് ശൈലിയിലേക്ക് ഗിയര്‍ മാറ്റി. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും വരെ ചോദിച്ച് തനിക്കു പാകമാകാത്തവനൊക്കെ തീവ്രവാദിയാക്കിയാണ് ഇപ്പോള്‍ കേരള തൊഗാഡിയ വിലസുന്നത്. കേരള രാഷ്ട്രീയത്തില്‍ വാ പോയ ഇത്തരം കോടാലികള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇത്തരക്കാര്‍ ഗീര്‍വാണമടിക്കുന്നത്. മഹാരഥന്‍മാര്‍ ഇരുന്ന വ ലിയൊരു സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേരളത്തിന് പരിചിതമല്ലാത്ത വിഷം വമിപ്പിക്കുന്നതെന്നതാണ് ഏറെ സങ്കടകരം. വെള്ളാപ്പള്ളിയുടേത് ഒരു സമുദായത്തിന്റേയോ സംഘടനയുടേയോ അഭിപ്രായമാണെന്നും ഇദ്ദേഹം പറഞ്ഞാല്‍ സമുദായം ഒന്നടങ്കം കൂടെ നില്‍ക്കുമെന്നൊന്നും കരുതാന്‍ നിര്‍വാഹമില്ല. കാരണം പൂജ്യന്‍ ശ്രീ ജയിപ്പിക്കണമെന്ന് പറഞ്ഞവരൊക്കെ തോല്‍ക്കുകയും തോല്‍പിക്കണമെന്ന് പറഞ്ഞവരൊക്കെ സ്വന്തം തട്ടകത്തില്‍ തന്നെ വിജയശ്രീലാ ളിതരായതും നാളിതുവരെയുള്ള ചരിത്രമാണ്. 2024 ന്റെ പകുതി തൊട്ടാണ് വെള്ളാപ്പള്ളി വര്‍ഗിയതയുടെ മണി മുഴക്കല്‍ അല്‍പം വേഗത കൂട്ടിയത്. പക്ഷേ നാളിതുവരെ അദ്ദേഹത്തെ തള്ളാനോ ഇത്തരം വിഷലിപ്തമായ പ്രസ്താവനക്കെതിരെ നിയമപരമായി ചെറുവിരലനക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് തന്നെ ഇതിനു പിന്നിലെ അന്തര്‍ധാര വെളിപ്പെടുത്തുന്നതാണ്. മണി മുഴക്കുന്നത് വെള്ളാപ്പള്ളിയാണെങ്കിലും മണി ആര്‍ക്ക് വേണ്ടി മുഴ ക്കുന്നുവെന്നത് ഏറെ പ്രസക്തമാണ്.
സ്വന്തം മകനായി ഒരു പാര്‍ട്ടി തന്നെ തുടങ്ങി അതിനെ ബി.ജെ.പിക്കൊപ്പവും താന്‍ പിണറായിക്കൊപ്പവുമെന്ന് പ്രഖ്യാപിക്കുക വഴി രണ്ട് വള്ളത്തില്‍ കാലിട്ടാണ് അദ്ദേഹം തുടുരുന്നത്. മകനെ നേതാവാക്കി ആരംഭിച്ച പാര്‍ട്ടിക്ക് പടവലത്തിന്റെ വളര്‍ച്ചയാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ മത്സരിച്ച് രണ്ടിടത്ത് ജയിച്ചത് വരെ അതിന്റെ ശക്തി എത്തി നില്‍ക്കുന്നു. വെള്ളാപ്പള്ളിയുടെ അടുത്ത കാലത്തെ പ്രസ്താവനകള്‍ ഒന്ന് പരിശോധിച്ചാല്‍
അടുത്ത കാലത്തെ പ്രസ്താവനകള്‍ ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാവും. ഇസഡ് കാറ്റഗറി സുരക്ഷക്കുള്ള നന്ദി കേന്ദ്രത്തേയും മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ എടുത്ത 21 കേസുകളില്‍ കുറ്റപത്രം അനങ്ങാത്തതിന്റെ നന്ദി പിണറായിയോടും കാണിക്കുക എന്നതാണ് ഇപ്പോള്‍ ടിയാന്റെ വര്‍ഗീയ കാര്‍ഡിനു പിന്നില്‍. മൈക്രോ ഫിനാന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ സമുദായാംഗങ്ങള്‍ക്ക് ചെറിയ പലിശയില്‍ സര്‍ക്കാര്‍ വായ്പ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ വിപ്ലവം കാരണം സമുദായത്തിനുണ്ടായ നേട്ടം. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും 15 കോടി 85 ലക്ഷം രൂപ വായ്പ എടുത്ത് സമുദായ സംഘടനക്ക് കീഴിലുള്ള സംഘങ്ങള്‍ക്ക് കൊള്ളപ്പലിശക്ക് മറിച്ചു നല്‍കിയെന്നതാണ് കേസ്. 2016ല്‍ വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി 21 കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയതാണ്. എന്നാല്‍ ഒരു കേസില്‍ പോലും കോടതിയില്‍ കുറ്റപത്രം എത്തിയില്ല. അതാണ് കേരള സര്‍ക്കാറും വെള്ളാപ്പള്ളിയും തമ്മിലുള്ള അന്തര്‍ധാര. തീര്‍ന്നില്ല, പിണറായി സര്‍ക്കാര്‍ മൂന്നു കോടി രൂപയാണ് വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്ര നവീകരണത്തിന് നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഭരണ വിരുദ്ധ വികാരവും ശബരിമലയിലെ പെരും കൊള്ളയും കാരണം കാരണഭൂതവും സംഘവുമടങ്ങിയ ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശക്ക് ഇനി ഏതാനും നാളുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന് തോറ്റാലും മൂര്‍ത്തവും അമൂര്‍ത്തവുമടക്കം കടിച്ചാല്‍ പൊട്ടാത്ത ശങ്കരാടി സ്‌റ്റൈല്‍ ന്യായം ചമക്കുന്ന കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി മുതല്‍ അണ്ടിമുക്ക് സഖാക്കള്‍ക്ക് വരെ അറിയാം.
എന്നാല്‍ പിന്നെ ന്യൂനപക്ഷത്തെ ഒതുക്കി ഭൂരിപക്ഷത്തെ പ്രചോദിപ്പിക്കുന്ന ഒരാള്‍ കൂടെ നില്‍ക്കട്ടെ എന്ന മൗനാനുവാദമാണ് കേരള തൊഗാഡിയയുടെ ഇപ്പോഴത്തെ ഈ കോപ്രായങ്ങള്‍ക്കു പിന്നിലെന്ന് നിസംശയം പറയാം. പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്തെല്ലാം രക്ഷകനായി വെള്ളാപ്പള്ളി എത്തും. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാറും പാര്‍ട്ടിയും അടിമുടി നാണം കെട്ട് കിടക്കുന്ന സമയത്ത് ചര്‍ച്ച മാറ്റാന്‍ ഇത്തരമൊന്ന് പ്രതീക്ഷിച്ചതുമാണ്. മദ്യം പാടില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് മദ്യവ്യവ സായിയായ പൂജ്യനിയ വെള്ളാപ്പള്ളി ആവശ്യാനുസരണം വര്‍ഗീയത കത്തിച്ചു വിടുന്നത്. എന്നിട്ട് അവസാനം കിലുക്കം സിനിമയില്‍ രേവതി അവതരിപ്പിച്ച കഥാപാത്രം എല്ലാം എറിഞ്ഞുടച്ച ശേഷം ഇത്രയല്ലേ ഞാന്‍ ചെയ്തുള്ളൂ എന്ന് പറയും പോലെയാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പ്രതി കരണം. സ്വയം ഊതിവീര്‍പ്പിച്ച് താന്‍ എന്തോ വലിയ സാധ നമാണെന്ന് കരുതി നടക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകനായ റഈസ് റഷിദ് വസ്തുതകളുടെ പിന്‍ബലത്തില്‍ ഒരു ചോദ്യം ചോദിച്ചത്. ദേ കിടിക്കുന്നു. അതുവരെ ഉണ്ടായിരുന്ന എല്ലാ കാറ്റും ശു…ന്ന് തീര്‍ന്നു. ഇത്തരക്കാരൊക്കെ ഇത്രയേ ഉള്ളൂ. ഇത് മനസിലാക്കാന്‍ കാരണക്കാരനായ മാധ്യമ പ്രവര്‍ത്തകനിരിക്കട്ടെ ഒരു കുതിരപ്പവന്‍. നാണം കെട്ട സ്ഥിതിക്ക് പിന്നെ കലിപ്പ് മോഡാണ് കണ്ടത്. ചോദ്യം ചോദിച്ചവന്റെ നാടും വീടും ആലോചിച്ച് തിവ്രവാ ദിയാക്കി. തനി ഉത്തരേന്ത്യന്‍ സംഘി മാതൃക. എന്നിട്ടും പൊതിഞ്ഞു പിടിച്ച മാലിന്യം കളയാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ല. ഓരോരോ അവസ്ഥകള്‍. ബി.ജെ.പി ഭരണത്തില്‍ വെള്ളാപ്പള്ളിക്ക് ഇത് പറയാം. ബി.ജെ.പിയാണോ സി.ജെ.പിയാണോ സി.പി.എമ്മാണോ ഭരിക്കുന്നതെന്ന കണ്‍ഫ്യൂഷനുള്ളതിനാല്‍ പിണറായി ഭരണത്തിലും ഇത് തന്നെ പറയുമ്പോഴും ഒന്നും കണ്ടില്ലെന്നു നടിച്ച് ചത്തതു പോലെ കിടക്കുകയാണ് ആഭ്യന്തര വകുപ്പ്.