Article

ദുരന്തമാണ് വനം മന്ത്രി

By webdesk18

June 09, 2025

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇടതുപക്ഷം നിരവധി തവണ തെളിയിച്ചിതാണ്. അതിന് വര്‍ഗീയ ധ്രുവീകരണമെന്നോ, രാഷ്ട്രീയ ഫാസിസമെന്നോ, നട്ടാല്‍മുളക്കാത്ത കളവുകളെന്നോ എന്നുള്ള വകഭേദമൊന്നും അവര്‍ക്കില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ നീലപ്പെട്ടി വിവാദങ്ങളുമെല്ലാം ഈ അടുത്തകലാത്ത് രാഷ്ട്രീയ കേരളം ദര്‍ശിച്ച ഉദാഹരണങ്ങളാണ്. എന്നാല്‍ നിലമ്പൂരിലെത്തുമ്പോള്‍ അതിനെയെല്ലാം പിന്നിലാക്കി, ഒരു നാടൊന്നാകെ വിറങ്ങലിച്ചുപോയ ദുരന്തത്തെ തന്നെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന് നിശ്ചയിച്ചിരിക്കുന്നതാകട്ടേ പിണറായി സര്‍ക്കാറില്‍ എന്നുമാത്രമല്ല, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഴുവുകെട്ട മന്ത്രിയെന്ന വിശേഷണത്തിന് അര്‍ഹനായിത്തീര്‍ന്ന എ.കെ ശശീന്ദ്രനെയുമാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ഇദ്ദേഹം വിവാദങ്ങളുടെ ഉറ്റതോഴനാണ്. എന്നാല്‍ നിലമ്പൂരില്‍ അനന്തുവിജയ് എന്ന 15 കാരന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണില്‍ചോരയില്ലാത്ത പ്രസ് താവനയുമായാണ് അദ്ദേഹം കളം നിറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന പദവിയുടെ വലിപ്പമോ, സാഹചര്യങ്ങളുടെ ഗൗരവമോ, പറയുന്നവാക്കുകളുടെ ഔചിത്യമോ മനസ്സിലാക്കാന്‍ കഴിയാത്തവിധം ദുര്‍ബലപ്പെട്ടുപോയ ഇദ്ദേഹം. ഭരണകൂടത്തിന്റെ മാത്രമല്ല, സി.പി.എം പാര്‍ട്ടിയുടെയും കൈയ്യിലെ കളിപ്പാവയായി മാറിത്തീര്‍ന്നിരിക്കുന്നു എന്നതാണ് ഇത്തരം നിലവിട്ട പ്രസ്താവനകളിലൂടെ നിലമ്പൂരിനെയും കേരളത്തെയും ബോധ്യപ്പെടുത്തുന്നത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗ വേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടതില്‍ നിന്ന് ഷോക്കടിച്ച് അനന്തു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പം പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേര്‍ ചികിത്സയിലാണ്. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്. ഈ സംഭവത്തെക്കുറിച്ചാണ് സ്വന്തം കഴിവുകേടു മറച്ചുവെ ക്കുന്നതിനും മേലാളന്‍മാരുടെ കൈയ്യടി നേടുന്നതിനുമായി മന്ത്രി അസംബന്ധം പറഞ്ഞിരിക്കുന്നത്. ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാറിനെതിരെ ജനരോഷമുയര്‍ത്തിവിടാനുള്ള യു.ഡി.എഫ് ഗൂഢാലോചനയായാണ് അദ്ദേഹം കാണുന്നത്.

സംഭവവുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും മന്ത്രിയുടെ കൊള്ളരുതായ്മയും തുറന്നുകാണിക്കപ്പെടുമെന്നുറപ്പായ സാഹചര്യത്തില്‍ സ്ഥലകാല ഭ്രമം സംഭവിച്ച അദ്ദേഹം പ്ര സ്താവനയില്‍ ഉറച്ചുനില്‍ക്കുകയുമാണ്. പ്രദേശത്ത് വന്യ മൃഗശല്യം വ്യാപകമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുവിലയും നല്‍കാത്ത വനംവകുപ്പിന്റെ നടപടിയില്‍ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധത്തിലാണ് കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെപോലും വനംവകുപ്പ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേരില്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരന്തമാണ് വനം മന്ത്രിയെന്ന് പറയേണ്ടി വന്നിരിക്കുന്നു.

അനന്തുവിനെ വനം വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കൊന്നതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. വന്യ ജീവികളെ വേട്ടയാടുന്ന സംഘങ്ങള്‍ വൈദ്യുതി മോഷണം നടത്തി കെണിസ്ഥാപിക്കുന്ന വിവരം മരണപ്പെട്ട അനന്തുവിന്റെ വീട്ടുകാര്‍ അടക്കമുള്ളവര്‍ കെ.എസ്.ഇ.ബിയേയും വനം വകുപ്പിനേയും ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വന്യ ജീവി ആക്രമണം രൂക്ഷമായ നില മ്പൂര്‍ മേഖലയില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കിടങ്ങുകള്‍ കുഴിക്കണമെന്നും വര്‍ഷങ്ങളായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ആവശ്യമാണ്. സര്‍ക്കാര്‍ അത് നടപ്പിലാക്കാതെ പൂഴ്ത്തിവെച്ചു.

നിരവധി തവണ ഇക്കാ ര്യത്തില്‍ തദ്ധേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി വനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടിനുള്ളില്‍ ഏതാനും കുളം കുഴിച്ചതൊഴിച്ചാല്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല. വനംമാഫിയകള്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന ന്തുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് സി.പി.എം നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും തങ്ങള്‍ പ്രതിക്കൂട്ടിലാക്കപ്പെടുമെന്നും ഉറപ്പുള്ളതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.